ലയണൽ മെസി യൂറോപ്യൻ ഫുട്ബോളിനോട് വിട പറയുന്നു, പിഎസ്‌ജിയുമായി കരാർ പുതുക്കില്ല

ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്ന മുൻ ക്ലബായ ബാഴ്‌സലോണക്കു പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർക്കും താരത്തിൽ വളരെയധികം താൽപര്യമുണ്ട്. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജിയും വളരെ നാളുകളായി ആരംഭിച്ചിട്ടുണ്ട്.

അതേസമയം മെസിയെ സ്വന്തമാക്കാനുള്ള ഈ ക്ലബുകളുടെ ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ കായികമാധ്യമമായ ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കാനുള്ള തീവ്രമായ ശ്രമങ്ങൾ നടത്തുന്ന അമേരിക്കൻ ക്ലബായ ഇന്റർ മിയാമി അടുത്ത സമ്മറിൽ താരത്തെ ടീമിന്റെ ഭാഗമാക്കാനുള്ള സാധ്യതകൾ വളരെക്കൂടുതലാണ്.

റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയും ഇന്റർ മിയാമിയും തമ്മിൽ മാസങ്ങളായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഡേവിഡ് ബെക്കാമിന് പുറമെ ഇന്റർ മിയാമിയുടെ ഉടമകളായ ജോർജ് മാസ്, ജോസ് മാസ് എന്നിവർ ഇക്കാലയളവിൽ മെസിയുടെ പിതാവായ ജോർജ് മെസിയുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. 2023ൽ ഫ്രീ ഏജന്റാകുന്ന താരത്തെ വലിയ ഓഫർ നൽകി ടീമിന്റെ ഭാഗമാക്കാനാണ് അവർ ഒരുങ്ങുന്നത്.

നാലര വർഷങ്ങൾക്കു മുൻപ് മാത്രമാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി രൂപപ്പെട്ടത്. ഫുട്ബോൾ ലോകത്തെ ഏറ്റവും ഗ്ലാമർ താരമാണെങ്കിലും ബെക്കാമിന്റെ ഇന്റർ മിയാമിക്ക് അമേരിക്കൻ സൂപ്പർ ലീഗിൽ ആരാധക പിന്തുണ വളരെ കുറവാണ്. നിലവിൽ ലോകഫുട്ബോളില് ഏറ്റവുമധികം തിളങ്ങി നിൽക്കുന്ന ലയണൽ മെസിയെ ടീമിലെത്തിക്കുക വഴി ആരാധകപിന്തുണ വളരെയധികം വർധിപ്പിക്കാമെന്നും അവർ കണക്കു കൂട്ടുന്നു.

അതേസമയം ലയണൽ മെസി യൂറോപ്യൻ ഫുട്ബോൾ വിട്ടാലത് ആരാധകർക്ക് കനത്ത നഷ്‌ടമായിരിക്കും. തന്റെ മുപ്പത്തിയഞ്ചാം വയസിലും ഏറ്റവും മികച്ച പ്രകടനമാണ് താരം പിഎസ്‌ജിക്കു വേണ്ടി നടത്തുന്നത്. ഇപ്പോഴത്തെ പ്രകടനം കണക്കാക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും ഇതേ ഫോമിൽ തുടരാൻ താരത്തിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.