റൊണാൾഡോ യൂറോപ്പിലെ കളി മതിയാക്കും, ജനുവരിയിൽ താരത്തെ സ്വന്തമാക്കാൻ ഓഫർ

ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കൊണ്ടു നിറഞ്ഞ ഒരു ട്രാൻസ്‌ഫർ ജാലകമായിരുന്നു ഇക്കഴിഞ്ഞ സമ്മറിലേതെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ മാത്രം നടന്നില്ല. മുപ്പത്തിയെട്ടു വയസിലേക്കടുക്കുന്ന റൊണാൾഡോയുടെ വമ്പൻ പ്രതിഫലവും താരത്തിന്റെ സാന്നിധ്യം ടീമിന്റെ പദ്ധതികളെ ബാധിക്കുമോ എന്ന സംശയവും കൊണ്ടാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾ ട്രാൻസ്‌ഫറിനു മടിച്ചു നിന്നത്. ഇതേത്തുടർന്ന് കരിയറിൽ ആദ്യമായി റൊണാൾഡോക്ക് യൂറോപ്പ ലീഗിൽ കളിക്കേണ്ടിയും വന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്ന റൊണാൾഡോക്ക് പരിശീലകനായ എറിക് ടെൻ ഹാഗിൻറെ പദ്ധതികളിൽ പകരക്കാരനായാണ് അവസരം ലഭിക്കുന്നത്. ഇതിനെ തുടർന്ന് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബ്ബിലേക്ക് റൊണാൾഡോ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്യൻ ഫുട്ബോളിലെ തന്റെ കരിയർ തന്നെ റൊണാൾഡോ അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.

പോർച്ചുഗീസ് ജേർണലിസ്റ്റായ പെഡ്രോ അൽമെയ്‌ഡ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ ഇന്റർ മിയാമി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അർജന്റീനിയൻ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വയ്ൻ ക്ലബ് വിടുന്നതിന്റെ കൂടി ഭാഗമായാണ് റൊണാൾഡോയെ ടീമിലെത്തിക്കാൻ ബെക്കാം ഒരുങ്ങുന്നത്. റൊണാൾഡോയുടെ പ്രതിനിധികളുമായി ബെക്കാം ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിനു പുറമെ റൊണാൾഡോക്കു മുന്നിൽ ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി ഓഫർ വെച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നുണ്ട്. മുപ്പത്തിയെട്ടു വയസിലേക്ക് പോകുന്ന താരത്തിന് ഒരു വർഷം മുപ്പതു മില്യൺ പൗണ്ട് പ്രതിഫലം നൽകുന്ന കരാറാണ് ഇന്റർ മിയാമി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പോർച്ചുഗൽ താരത്തിന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണിത്.

അതേസമയം തന്റെ ഭാവിയുടെ കാര്യത്തിൽ റൊണാൾഡോ ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു വ്യക്തമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കൂടുതൽ മികച്ച പ്രകടനം നടത്താൻ ശ്രമിച്ച് പോർച്ചുഗലിന്റെ ലോകകപ്പ് ക്യാമ്പയിന് മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്നതാണ് റൊണാൾഡോയുടെ ഇപ്പോഴത്തെ ലക്ഷ്യം. ലോകകപ്പിനു ശേഷം റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള സാധ്യതയുണ്ട്.