“ഈ അനുഭവം വിദേശതാരങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലുമുണ്ടായിട്ടുണ്ടാവില്ല”- കൊച്ചിയിലെ മഞ്ഞക്കടലിനെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച്

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കൊച്ചിയിൽ എത്തിയപ്പോൾ അത് കാണികൾക്കൊരു വലിയ വിരുന്നു തന്നെയാണ് സമ്മാനിച്ചത്. തുടക്കം മുതൽ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു കളിച്ച മത്സരത്തിന് തങ്ങളുടെ ആവേശകരമായ പിന്തുണയാണ് ആരാധകർ നൽകിയത്. തങ്ങൾക്കായി ആർപ്പു വിളിക്കുന്ന കാണികളിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം ഉദ്ഘാടന മത്സരത്തിൽ നേടാൻ കൊമ്പന്മാർക്ക് കഴിയുകയും ചെയ്‌തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഐഎസ്എല്ലിൽ ആദ്യമത്സരം കളിക്കുന്ന വിദേശതാരങ്ങൾക്കും മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നാണ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പറയുന്നത്. പല വിദേശതാരങ്ങൾക്കും ഇതുപോലൊരു അനുഭവം ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടുണ്ടാകില്ലെന്ന് അദ്ദേഹം മത്സരത്തിനു ശേഷം അഭിപ്രായപ്പെട്ടു. കൊച്ചിയിലെ അന്തരീക്ഷത്തോട് പെട്ടന്നു തന്നെ ഈ താരങ്ങൾക്ക് ഇണങ്ങിച്ചേരാൻ കഴിഞ്ഞുവെന്നും വുകോമനോവിച്ച് പറഞ്ഞു.

“അവർ കൊച്ചിയിലേക്ക് മികച്ച രീതിയിൽ എത്തിച്ചേർന്നുവെന്നതിൽ വളരെ സന്തോഷമുണ്ട്. ഹീറോ ഐഎസ്എല്ലിൽ അവർക്ക് ഇതുപോലൊരു അനുഭവം ആദ്യമായായിരിക്കും, അതിനോട് അവർ പെട്ടന്നു തന്നെ ഇണങ്ങിച്ചേർന്നു. നിരവധി വിദേശതാരങ്ങൾ ഇന്ത്യയിൽ കളിക്കാനെത്തുന്നുണ്ട്, മികച്ച, വലിയ ടീമുകളിൽ കളിക്കുന്നുണ്ട്. പക്ഷെ, ഇതുപോലൊരു അന്തരീക്ഷം വിദേശതാരങ്ങളിൽ മിക്കവാറുമാളുകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിരിക്കില്ല.” വുകോമനോവിച്ച് പറഞ്ഞു.

“അതുകൊണ്ടു തന്നെ ഇതുപോലെയുള്ള മത്സരങ്ങൾ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അവരുടെ നിലവാരത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഞങ്ങളുടെ ടീമിനു ശരിക്കും വേണ്ട താരങ്ങൾ അവർ തന്നെയാണ്. ഈ അന്തരീക്ഷത്തിൽ അവർ മെച്ചപ്പെടുമെന്നും കൂടുതൽ കരുത്തരായി വളരുമെന്നും ഉറപ്പുണ്ട്. അവരവരിൽ തന്നെ കൂടുതൽ വിശ്വസിക്കാനും ഇതു സഹായിക്കുന്നു, ഈ താരങ്ങളിൽ നിന്നും ഞങ്ങൾക്കു വേണ്ടതും ഇതു തന്നെയാണ്.” വുകോമനോവിച്ച് വ്യക്തമാക്കി.

അടുത്ത മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ചില പിഴവുകൾ തിരുത്തേണ്ടതുണ്ടെന്നും വുകോമനോവിച്ച് പറഞ്ഞു. ഇതുപോലൊരു ആരാധകക്കൂട്ടത്തിനു മുന്നിൽ ആദ്യമായാണ് പല താരങ്ങളും കളിക്കുന്നതെങ്കിലും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസം വീണ്ടെടുക്കാൻ അവർക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. യുവതാരങ്ങൾക്ക് ശരിയും തെറ്റും കൃത്യമായി മനസിലാക്കാൻ ഇത്തരം വേദികൾ സഹായിക്കുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.