എഴുനൂറാം ഗോൾ നേടാൻ റൊണാൾഡോയെ സഹായിച്ച് കസമീറോ, സന്ദേശവുമായി താരം

പ്രീമിയർ ലീഗ് ഈ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് റൊണാൾഡോക്ക് ഒരു ഗോൾ നേടാനായതെങ്കിലും അതിലൂടെ ചരിത്രമാണ് താരം കുറിച്ചത്. ഈ ഏഴു മത്സരങ്ങളിൽ ഒരിക്കൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞ താരം ഇന്നലെ എവർട്ടനെതിരെ പകരക്കാരനായിറങ്ങി ടീമിന്റെ വിജയഗോൾ കുറിച്ചതോടെ ക്ലബ് തലത്തിൽ എഴുനൂറു ഗോളുകളെന്ന നേട്ടവും സ്വന്തമാക്കി. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടാം തവണ മാത്രം വല കുലുക്കുന്ന റൊണാൾഡോയുടെ ആത്മവിശ്വാസവും ഇത് വർധിപ്പിക്കുമെന്നുറപ്പാണ്.

ഇരുപത്തിയൊമ്പതാം മിനുട്ടിൽ ആന്റണി മാർഷ്യൽ പരിക്കേറ്റു പുറത്തു പോയതിനു പകരക്കാരനായാണ് റൊണാൾഡോ കളത്തിലിറങ്ങിയത്. ആ സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ സമനിലയിൽ നിൽക്കുകയായിരുന്നു. ഹാഫ് ടൈമിന് ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ ബ്രസീലിയൻ താരം കസമീറോ നൽകിയ മികച്ചൊരു ത്രൂ ബോൾ പിടിച്ചെടുത്താണ് റൊണാൾഡോ എവർട്ടൻ ഗോൾകീപ്പറേ കീഴടക്കിയത്. റയൽ മാഡ്രിഡിൽ മുൻപ് ഒരുമിച്ചു കളിച്ച താരങ്ങളുടെ പരസ്പരധാരണ ആ ഗോളിലൂടെ വ്യക്തമാകുന്നുണ്ടായിരുന്നു.

മത്സരത്തിനു ശേഷം തന്റെ നേട്ടത്തിന്റെയും ഈ സീസണിൽ പ്രീമിയർ ലീഗിൽ ആദ്യത്തെ ഗോൾ കുറിക്കുന്നതിന്റെയും സന്തോഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കു വെച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഏവർക്കും സന്ദേശം നൽകിയത്. “മികച്ച വിജയം കൂട്ടുകാരെ, ശരിയായ പാതയിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്” എന്നു കുറിച്ച താരം ഞങ്ങൾ ഒരുമിച്ചു നിൽക്കുമെന്ന് ഹാഷ്ടാഗിലൂടെയും കുറിക്കുകയുണ്ടായി. ഇന്നലത്തെ ഗോളിലൂടെ റൊണാൾഡോയുടെ ആത്മവിശ്വാസം വർധിച്ചുവെന്നും ഇതു വ്യക്തമാക്കുന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരയിൽ റൊണാൾഡോക്ക് അവസരങ്ങൾ കുറവാണ്. യുവതാരങ്ങളായ മാർഷ്യൽ, റാഷ്‌ഫോഡ്, ആന്റണി എന്നിവരെയാണ് പരിശീലകൻ എറിക് ടെൻ ഹാഗ് ആദ്യഇലവനിൽ കൂടുതലും പരിഗണിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ മാർഷ്യൽ പരിക്കേറ്റു പുറത്തു പോയതോടെ അടുത്ത മത്സരത്തിൽ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കാം. മികച്ച പ്രകടനം നടത്തിയാൽ ടീമിൽ കൂടുതൽ അവസരം ലഭിക്കാനും അതു വഴിയൊരുക്കും.

ഇന്നലത്തെ മത്സരത്തിൽ അലക്‌സ് ഇവോബിയുടെ ഗോളിൽ ഇവർട്ടനാണ് മുന്നിൽ എത്തിയതെങ്കിലും അതിനു പിന്നാലെ തന്നെ ആന്റണി മാർഷ്യലിന്റെ അസിസ്റ്റിൽ ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാഡോ ആദ്യ പകുതിക്കു മുൻപ് ഗോൾ നേടി വിജയം ഉറപ്പിച്ചതോടെ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിലെ കനത്ത തോൽവിയുടെ ക്ഷീണം മാറ്റാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.