മെസിക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ റൊണാൾഡോക്ക് സുവർണാവസരം, ഇന്റർ മിയാമി-അൽ നസ്ർ പോരാട്ടത്തിന് തീയ്യതി കുറിച്ചു | Inter Miami

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്കും അമേരിക്കൻ ലീഗിലേക്കും ചേക്കേറിയത് ഏറ്റവുമധികം നിരാശ നൽകിയത് അവരുടെ ആരാധകർക്കാണ്. രണ്ടു പേർക്കും ഇനി യൂറോപ്പിൽ യാതൊന്നും തെളിയിക്കാൻ ബാക്കിയില്ലെങ്കിലും ഇരുവരുടെയും പോരാട്ടങ്ങൾക്ക് പഴയ ആവേശം ഉണ്ടാകില്ലെന്നതും രണ്ടു പേരും പരസ്‌പരം യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളുടെ ഭൂമിയിൽ ഒരുമിച്ച് ഇറങ്ങില്ലെന്നതുമാണ് ഈ നിരാശക്ക് പ്രധാനമായും കാരണമായത്.

രണ്ടു താരങ്ങളും രണ്ടു വ്യത്യസ്‌ത ഭൂഖണ്ഡങ്ങളിലെ ലീഗുകളിൽ കളിക്കുന്നതിനാൽ തന്നെ ഇരുവരും തമ്മിൽ ഇനി കളിക്കളത്തിൽ ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഏവരും കരുതിയത്. എന്നാൽ ഒരു കാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ച താരങ്ങൾ ഉടനെ തന്നെ നേർക്കുനേർ വരാൻ പോവുകയാണ്. ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമിയും റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും റിയാദ് കപ്പിലാണ് പരസ്‌പരം ഏറ്റുമുട്ടാൻ പോകുന്നത്.

മൂന്നു ടീമുകൾ പങ്കെടുക്കുന്ന റിയാദ് കപ്പിൽ പങ്കെടുക്കുന്ന വിവരവും അതിന്റെ തീയതികളും ഇന്റർ മിയാമി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്റർ മിയാമിയും അൽ നസ്‌റും തമ്മിലുള്ള മത്സരം ഫെബ്രുവരി ഒന്നിനാണ് നടക്കുന്നത്. അതിനു മുൻപ് സൗദി ക്ലബായ അൽ ഹിലാലും ഇന്റർ മിയാമിയും തമ്മിൽ ജനുവരി 29നു ഏറ്റുമുട്ടും. നെയ്‌മറുടെ ക്ലബാണ് അൽ ഹിലാൽ എങ്കിലും പരിക്കേറ്റു പുറത്തിരിക്കുന്ന താരം ഇന്റർ മിയാമിയുമായി നടക്കുന്ന മത്സരത്തിൽ കളിക്കില്ല.

ഈ രണ്ടു മത്സരങ്ങൾക്ക് പുറമെ അൽ നസ്‌റും അൽ ഹിലാലും തമ്മിലും മത്സരമുണ്ടാകും. ഇതിൽ കൂടുതൽ വിജയം നേടുന്ന ക്ലബാണ് റിയാദ് കപ്പ് കിരീടം സ്വന്തമാക്കുക. റൊണാൾഡോയെ സംബന്ധിച്ച് മെസിയുടെ മേൽ ആധിപത്യം ഉണ്ടാക്കാനുള്ള ഒരു അവസരമാണ് റിയാദ് കപ്പ്. ലോകകപ്പ് നേടിയതോടെ കരിയറിന്റെ പൂർണതയിൽ എത്തി നിൽക്കുന്ന ലയണൽ മെസിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ റൊണാൾഡോ തന്നെയാണ് മികച്ച താരമെന്ന രീതിയിൽ ഒരു ചർച്ച ഉയർന്നു വരുമെന്ന് തീർച്ചയാണ്.

പ്രീ സീസൺ മത്സരമെന്ന രീതിയിൽ ഇന്റർ മിയാമി പങ്കെടുക്കുന്ന റിയാദ് കപ്പിൽ അവർ വിജയം നേടാനുള്ള സാധ്യത കുറവാണ്. സൗദി ക്ളബുകളെ സംബന്ധിച്ച് സീസണിന്റെ പകുതിയിൽ വെച്ച് നടക്കുന്ന മത്സരമായതിനാൽ തന്നെ അവർ മികച്ച ഫോമിലായിരിക്കും. അതേസമയം ഇന്റർ മിയാമിയെ സംബന്ധിച്ച് മാസങ്ങളുടെ ഇടവേളക്ക് ശേഷമുള്ള പുതിയൊരു സീസണിന്റെ തുടക്കമായതിനാൽ തന്നെ താളം കിട്ടാനുള്ള സാധ്യത കുറവാണ്.

Inter Miami Vs Al Nassr Date Confirmed