സാവി പുറത്തായാൽ പകരക്കാരായി പരിഗണിക്കുന്നത് നാലു പേരെ, ബാഴ്‌സലോണയുടെ പദ്ധതികളിങ്ങിനെ | Xavi

ക്ലബ് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് പരിശീലകനായി എത്തിയ സാവിയുടെ കീഴിൽ ബാഴ്‌സലോണ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉണ്ടാകില്ലെന്ന് കരുതിയ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച് മാജിക്ക് കാണിച്ച അദ്ദേഹത്തിന് കീഴിൽ ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ ലീഗ് അടക്കം രണ്ടു കിരീടങ്ങളും സ്വന്തമാക്കി. കടുത്ത സാമ്പത്തികപ്രതിസന്ധികളുടെ ഇടയിലായിരുന്നു ഈ നേട്ടം.

എന്നാൽ ഈ സീസണിൽ ആ മാജിക്ക് ആവർത്തിക്കാൻ സാവിക്ക് കഴിയുന്നില്ല. പല പോരായ്‌മകളും ഉണ്ടെങ്കിലും മെച്ചപ്പെട്ടൊരു സ്ക്വാഡുള്ള ബാഴ്‌സലോണ നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ്. അതുകൊണ്ടു തന്നെ സാവിയുടെ രക്തത്തിനായുള്ള മുറവിളി പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ജിറോണക്കെതിരെ ബാഴ്‌സലോണ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയതോടെ അതൊന്നു കൂടി ശക്തമാവുകയും ചെയ്‌തിരിക്കുന്നു.

ബാഴ്‌സലോണയുടെ ഈ സീസണിലെ മോശം ഫോമിന് സാവിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും ഇനിയും പ്രകടനം മോശമായാൽ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ നാല് പകരക്കാരെ ബാഴ്‌സലോണ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിലൊന്ന് മുൻ ബാഴ്‌സലോണ താരവും നിലവിൽ ബാഴ്‌സലോണ യൂത്ത് ടീമിന്റെ പരിശീലകനുമായ മെക്‌സിക്കൻ ഡിഫൻഡർ റാഫേൽ മാർക്വസാണ്.

അതിനു പുറമെ ജിറോണയെക്കൊണ്ട് മിന്നുന്ന പ്രകടനം നടത്തിക്കുന്ന മൈക്കൽ സാഞ്ചസാണ് ലിസ്റ്റിലുള്ള മറ്റൊരാൾ. അദ്ദേഹത്തിന്റെ കാര്യത്തിൽ ബാഴ്‌സലോണ അന്വേഷണം നടത്തിയിട്ടുണ്ട്. മറ്റൊരാൾ റയൽ സോസിഡാഡ് പരിശീലകനായ ഇമാനോൾ ആൽഗവാസിലാണ്‌. അതിനു പുറമെ മുൻ ബാഴ്‌സലോണ പിഎസ്‌ജി താരവും നിലവിൽ ഇറ്റാലിയൻ ക്ലബായ ബൊളോഗ്‌നയുടെ പരിശീലകനായ തിയാഗോ മോട്ടയും ബാഴ്‌സലോണയുടെ പട്ടികയിലുണ്ട്.

ബാഴ്‌സലോണ നിലവിലെ സാഹചര്യങ്ങളിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മാത്രമാകും അടുത്ത സമ്മറിൽ പരിശീലകനെ മാറ്റുക. സാവിക്ക് ടീമിനെക്കൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞാൽ അദ്ദേഹം തന്നെ തുടരും. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വരുന്ന മാറ്റങ്ങൾ ഇതിനു സഹായിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

4 Managers In Line To Replace Xavi