ഓഫറുമായി വമ്പന്മാർ രംഗത്ത്, എമിലിയാനോയെ റാഞ്ചാനുള്ള നീക്കങ്ങൾ ആരംഭിച്ചു | Emiliano

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. എതിരാളികൾ ആരായാലും വമ്പൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന താരം മികച്ച ഗോൾകീപ്പറാണെന്നതിൽ സംശയമില്ല. എന്നാൽ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലാണ് കളിക്കുന്നത് എന്നതിനാൽ ചാമ്പ്യൻസ് ലീഗ് പോലെയുള്ള യൂറോപ്യൻ ടൂർണമെന്റുകളിൽ കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടില്ല.

എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ ഒരു വമ്പൻ ക്ലബ് ഓഫർ നൽകിയെന്നാണ് ഇപ്പൊൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനാണ് താരത്തിനായി രംഗത്ത് വന്നിട്ടുള്ളത്. അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ആന്ദ്രേ ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു. അതിനു പകരക്കാരനെന്ന നിലയിലാണ് എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ പതിനഞ്ചു മില്യൺ യൂറോ ട്രാൻസ്‌ഫർ തുകയാണ് ഇന്റർ മിലാൻ ഓഫർ ചെയ്‌തത്‌. എന്നാൽ എമിലിയാനോ ഇത്രയൊന്നും അറിയപ്പെടാത്ത കാലത്ത് താരത്തെ ആഴ്‌സണലിൽ നിന്നും ഇരുപതു മില്യൺ യൂറോയോളം നൽകി സ്വന്തമാക്കിയ ആസ്റ്റൺ വില്ല ഓഫർ തള്ളിക്കളഞ്ഞു. കൂടുതൽ മെച്ചപ്പെട്ട ഓഫറാണ് അവർ പ്രതീക്ഷിക്കുന്നത് എന്നതിനാൽ അത് നൽകാനുള്ള ഒരുക്കത്തിലാണ് ഇന്റർ മിലാൻ.

നിലവിൽ ആസ്റ്റൺ വില്ലയോടൊപ്പം പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കുകയാണ് എമിലിയാനോ മാർട്ടിനസ്. ഇന്റർ മിലാന്റെ ഓഫർ താരത്തെ സംബന്ധിച്ച് താൽപര്യം ഉണ്ടാക്കുന്ന ഒന്നായിരിക്കും. യൂറോപ്യൻ ടൂർണമെന്റുകളിൽ കളിക്കുകയെന്ന ആഗ്രഹം നടപ്പിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എന്നാൽ ഇക്കാര്യത്തിൽ ആസ്റ്റൺ വില്ലയുടെ നിലപാട് നിർണായകമായേക്കും. ഇന്റർ മിലാനിലെത്തിയാൽ അർജന്റീന സഹതാരം ലൗറ്റാറോ മാർട്ടിനസിനൊപ്പം കളിക്കാനും എമിലിയാനോക്ക് കഴിയും.

Inter Milan Made Offer For Emiliano Martinez