ചാമ്പ്യൻസ് ലീഗ് നേടാൻ നിങ്ങൾക്കു വേണ്ടത് ആ താരത്തെ, പിഎസ്‌ജിക്ക് ലയണൽ മെസിയുടെ നിർദ്ദേശം | Messi

രണ്ടു സീസണുകളാണ് ലയണൽ മെസി പിഎസ്‌ജിയിൽ കളിച്ചത്. ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്‌മർ എന്നീ താരങ്ങൾ ഒരുമിച്ചതോടെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷ പിഎസ്‌ജിക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോറ്റു പുറത്താവുകയായിരുന്നു പിഎസ്‌ജി. ടീമിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് വലിയ നിരാശയാണ് ഇത് നൽകിയത്.

ദിശാബോധമില്ലാത്ത സൈനിംഗുകളാണ് പിഎസ്‌ജിയുടെ മോശം പ്രകടനത്തിന് ഒരു കാരണമെന്നതിൽ യാതൊരു തർക്കവുമില്ല. ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സൈനിംഗുകൾ നടത്തുന്നതിനു പകരം വമ്പൻ താരങ്ങളെ സ്വന്തമാക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് പരിശീലകർക്കും കാര്യങ്ങൾ എളുപ്പമല്ലാതാക്കി മാറ്റി. അതേസമയം പിഎസ്‌ജി വിടുന്നതിനു മുൻപ് ചാമ്പ്യൻസ് ലീഗ് നേടാൻ ഏതു താരത്തെ സ്വന്തമാക്കണമെന്ന കാര്യത്തിൽ മെസി നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

പിഎസ്‌ജി കരാർ അവസാനിച്ചതോടെയാണ് ലയണൽ മെസി ക്ലബ് വിട്ടത്. ക്ലബ് വിടുന്നതിനു മുന്നോടിയായി പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫിയോടാണ് ഏതു താരത്തെ സ്വന്തമാക്കണമെന്ന നിർദ്ദേശം മെസി നൽകിയത്. ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ ഹാരി കേനിനെ ടീമിലെത്തിക്കാനായിരുന്നു മെസിയുടെ നിർദ്ദേശം. ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ പിഎസ്‌ജിക്കില്ലാത്തത് അതുപോലെയൊരു താരത്തിന്റെ സാന്നിധ്യമാണെന്നു മെസി പറഞ്ഞുവെന്ന് ആർഎംഎസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

ഈ സമ്മറിൽ ടോട്ടനം ഹോസ്‌പർ വിടാൻ സാധ്യതയുള്ള ഹാരി കേനിനെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമം നടത്തിയിരുന്നു. എന്നാൽ താരത്തിനായി വമ്പൻ തുക നൽകണമെന്ന നിലപാടാണ് ടോട്ടനത്തിനുള്ളത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യത. അതേസമയം ടീമിലെ പ്രധാന താരമായ എംബാപ്പയെ ഈ സമ്മറിൽ നഷ്‌ടപ്പെടുന്ന പിഎസ്‌ജിക്ക് മികച്ചൊരു സ്‌ട്രൈക്കറെ ആവശ്യമുണ്ടെന്നതിൽ തർക്കമില്ല.

Messi Advised PSG To Sign Harry Kane