പുതിയ സൈനിങിനൊരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്തയായി ഐഎസ്എൽ നിയമം മാറുന്നു, അടുത്ത സീസണിൽ ഈ ടീം പൊളിച്ചടുക്കും | ISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രകടനം ഈ സീസണിൽ ടീമിന് യാതൊരു പ്രതീക്ഷയും നൽകുന്നില്ലെങ്കിലും ആരാധകർക്ക് ആവേശമായി പുതിയൊരു സൈനിങ്ങിനു ടീം ഒരുങ്ങുകയാണ്. വലിയ പ്രതിസന്ധികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഈ സീസണിന് ശേഷം എഫ്‌സി ഗോവയുടെ മിന്നും താരമായ നോവ സദൂയി ടീമിലെത്തുമെന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

പുതിയൊരു വിദേശതാരം ടീമിലേക്ക് വരുമ്പോൾ മറ്റൊരു വിദേശതാരത്തെ ഒഴിവാക്കേണ്ട സാഹചര്യമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന മാർകോ ലെസ്‌കോവിച്ചിന്റെ കരാർ പുതുക്കുന്നില്ലെന്ന് ക്ലബ് നേതൃത്വം തീരുമാനിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എന്തായാലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തു വരുന്നുണ്ട്. നിലവിൽ ഐഎസ്എല്ലിൽ ഒരു ടീമിന് സ്വന്തമാക്കാൻ കഴിയുന്ന വിദേശതാരങ്ങളുടെ എണ്ണം ആറാണ്. അടുത്ത സീസൺ മുതൽ അത് ഏഴാക്കി വർധിപ്പിക്കാനുള്ള തീരുമാനം ഐഎസ്എൽ നേതൃത്വം എടുക്കാൻ പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇത് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ആണെങ്കിലും നടപ്പിലായാൽ ബ്ലാസ്റ്റേഴ്‌സ് അടക്കം എല്ലാ ടീമുകൾക്കും ഗുണം ചെയ്യുന്നതാണ്. അങ്ങിനെയെങ്കിൽ ലൂണ, ദിമിത്രിയോസ്, പെപ്ര, മിലോസ്, ജോഷുവ, സദൂയി എന്നിവർക്ക് പുറമെ മറ്റൊരു വിദേശതാരത്തെ കൂടി ടീമിലുൾപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. നിലവിലെ സാഹചര്യത്തിൽ ഡൈസുകെ, ജസ്റ്റിൻ എന്നിവർ ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ല.

ഇത്തരത്തിലൊരു മാറ്റം വരുത്തുന്നത് ടീമുകൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് അടക്കം പല ടീമുകളും നേരിട്ട പ്രശ്‌നമാണ് പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത്. അതവരുടെ പ്രകടനത്തെ വലിയ രീതിയിൽ പുറകോട്ടു വലിച്ചിരുന്നു. കൂടുതൽ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാൽ അത് ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുമെന്നതിൽ സംശയമില്ല.

ISL Foreign Quota May Increase From Next Season