ലൂണയടക്കം ബ്ലാസ്റ്റേഴ്സിൽ നിന്നും രണ്ടു താരങ്ങൾ, മുംബൈ സിറ്റിയുടെയും മോഹൻ ബഗാന്റെയും ആധിപത്യവുമായി ഐഎസ്എൽ മൂല്യമേറിയ ഇലവൻ | ISL
ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളുടെ ട്രാൻസ്ഫർ മൂല്യം കഴിഞ്ഞ ദിവസമാണ് പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റ് അപ്ഡേറ്റ് ചെയ്തത്. മൂല്യം വർധിച്ചതിനെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം പുലർത്തിയിരുന്നു. ഏറ്റവുമധികം മൂല്യമുയർന്ന പത്ത് താരങ്ങളുടെ ലിസ്റ്റിൽ അഞ്ചെണ്ണവും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായിരുന്നു. എന്നാൽ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ കാര്യത്തിൽ ആ ആധിപത്യം ബ്ലാസ്റ്റേഴ്സിനില്ല.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ഇലവൻ കഴിഞ്ഞ ദിവസം ട്രാൻസ്ഫർ മാർക്കറ്റ് പുറത്തു വിട്ടപ്പോൾ അതിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും വന്നത് രണ്ടു താരങ്ങൾ മാത്രമാണ്. ഓരോ പൊസിഷനിലുമുള്ള താരങ്ങളുടെ ഏറ്റവും ഉയർന്ന മൂല്യമാണ് ഇതിനായി പരിഗണിക്കുക. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവർ നാല് വീതം താരങ്ങളുമായി അപ്രമാദിത്വം കാണിച്ച പട്ടികയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പുറമെ എഫ്സി ഗോവയിൽ നിന്നാണ് മറ്റൊരു താരം.
2.4 കോടി രൂപ മൂല്യമുള്ള മുംബൈ ഗോൾകീപ്പർ ലാചെമ്പക്കു മുന്നിൽ പ്രതിരോധത്തിൽ 2.4 കോടി രൂപ മൂല്യമുള്ള എഫ്സി ഗോവ താരം സന്ദേശ് ജിങ്കനും 2.2 കോടി രൂപ മൂല്യമുള്ള കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാമും ഇടം നേടിയിട്ടുണ്ട്. ഫുൾ ബാക്കുകളായും ഇന്ത്യൻ താരങ്ങളാണ്. ലെഫ്റ്റിൽ 2.2 കോടി രൂപ മൂല്യമുള്ള മുംബൈ താരം ആകാശും റൈറ്റിൽ 2.2 കോടി രൂപ മൂല്യമുള്ള മോഹൻ ബഗാൻ താരം ആശിഷ് റായിയുമാണ്.
Most Valuable ISL XI [TMINDIA] 💸 #KBFC pic.twitter.com/LrBdC01auO
— KBFC XTRA (@kbfcxtra) December 21, 2023
2.6 കോടി രൂപ മൂല്യമുള്ള മുംബൈ സിറ്റി താരം അപുയിയക്കൊപ്പം മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണയുണ്ട്. 6.8 കോടി രൂപയാണ് യുറുഗ്വായ് താരത്തിന്റെ മൂല്യം. ലൂനക്കൊപ്പം 6 കോടി രൂപ മൂല്യമുള്ള മോഹൻ ബഗാൻ താരം ഹ്യൂഗോ ബൗമൗസും മധ്യനിരയിലുണ്ട്. മുന്നേറ്റനിരയിൽ മോഹൻ ബഗാന്റെ പെട്രാറ്റോസും കുമ്മിൻസും മുംബൈ സിറ്റിയുടെ ചാങ്തെയുമാണുള്ളത്. 7.2 കോടി രൂപ, 8.8 കോടി രൂപ, 2.8 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ മൂല്യം.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങൾ മോഹൻ ബഗാനും മുംബൈ സിറ്റിയിലുമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇത് കാണുമ്പോൾ എഫ്സി ഗോവയുടെ കുതിപ്പിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഈ ഇലവനിലുള്ള ഒരു താരം മാത്രം ടീമിലുള്ള അവരാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എട്ടു മത്സരങ്ങൾ കളിച്ച അവർ ഒരു തോൽവി പോലും വഴങ്ങാതെയാണ് എതിരാളികൾക്ക് മേൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.
ISL Most Valuable XI By Transfermarkt