ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നോ, തുടരാൻ ആഗ്രഹമുണ്ടെങ്കിലും അത് നടന്നേക്കില്ലെന്ന് താരം
ഈ സീസണിൽ ടീമിലെത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസു കവർന്ന താരമാണ് ഇവാൻ കലിയുഷ്നി. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിലും അതിനു ശേഷം എടികെ മോഹൻ ബഗാനെതിരെ നടന്ന അടുത്ത മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോൾ നേടിയ താരം അതിനു ശേഷം ഗോവക്കെതിരെ നടന്ന മത്സരത്തിലും വല കുലുക്കി. മധ്യനിരയിൽ കളിക്കുന്ന താരം ഈ സീസണിൽ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്.
യുക്രൈനും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ ഇവാൻ കലിയുഷ്നി ഈ സീസണിനപ്പുറം കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സാധ്യത കുറവാണു. യുക്രൈൻ ക്ലബായ ഓലക്സാൻഡ്രിയയിൽ നിന്നും ലോൺ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയത്. ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ച് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇപ്പോൾ താരവും പറയുന്നത് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ്.
“യുദ്ധം തുടങ്ങിയ സമയത്ത് ഞാൻ പോളണ്ടിലേക്ക് പോകാനാണ് ശ്രമിച്ചതെങ്കിലും എന്റെ ക്ലബിന് ഒരു കരാറിലെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് ഏജന്റ് പറഞ്ഞത് ഇന്ത്യയിൽ നിന്നും ഓഫറുണ്ടെന്ന്. കരാർ അംഗീകരിക്കുന്നതിനു മുൻപ് മൂന്നു മാസങ്ങളോളം ഞാൻ ചർച്ചകൾ നടത്തി. യുക്രൈനിലെ ജീവിതം സുരക്ഷിതമല്ല എന്നതിനാൽ തന്നെ എന്റെ കുടുംബത്തെ ഭദ്രമായ ഒരിടത്തേക്ക് മാറ്റേണ്ടത് അത്യാവശ്യമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എനിക്ക് തുടരണമെന്നു തന്നെയാണെങ്കിലും ഫ്രീ ഏജന്റല്ലാത്തതിനാൽ അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ ക്ലബ് വളരെ വലിയ തുക തന്നെ ചോദിക്കും.” കലിയുഷ്നി പറഞ്ഞു.
Prior to their match against Mumbai City FC, Kerala Blasters' Ivan Kalyuzhnyi accompanied head coach Ivan Vukomanovic to address the media.
— The Bridge Football (@bridge_football) January 6, 2023
The Ukrainian spoke about the circumstances in his native country and his contract situation.#IndianFootball ⚽️https://t.co/VMPs8qQQYg
ഇന്ത്യൻ സൂപ്പർലീഗിൽ കളിക്കുന്ന ആദ്യത്തെ യുക്രൈൻ താരമാണ് കലിയുഷ്നി. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ താരം തുടരാനുള്ള സാധ്യത കുറവാണെന്നത് ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണ്. താരത്തിന്റെ ക്ലബ് ആവശ്യപ്പെടുന്ന തുക നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകാൻ യാതൊരു സാധ്യതയുമില്ല. കലിയുഷ്നിക്ക് ടീമിനൊപ്പം തുടരാനുള്ള സാധ്യതയുണ്ടെങ്കിൽ തങ്ങൾ ശ്രമം നടത്തുമെന്ന വുകോമനോവിച്ചിന്റെ വാക്കുകൾ മാത്രമാണ് ആരാധകർക്ക് ഇനിയുള്ള പ്രതീക്ഷ.