“ഇതൊരു തുടക്കം മാത്രമാണ്, സൗദി അറേബ്യ ഇവിടെയൊന്നും നിർത്താൻ ഉദ്ദേശിച്ചിട്ടില്ല”- യൂറോപ്യൻ ഫുട്ബോൾ ആധിപത്യത്തിന് ശക്തമായ മുന്നറിയിപ്പ്

ലോകഫുട്ബോളിലെ തിളങ്ങുന്ന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തം തട്ടകത്തിൽ എത്തിച്ചതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് വന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് റൊണാൾഡോയെ അൽ നസ്ർ സ്വന്തം ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം താരത്തെ ആരാധകർക്ക് മുന്നിൽ ക്ലബ് അവതരിപ്പിക്കുകയും ചെയ്‌തു. മുപ്പതിനായിരത്തോളം കാണികളാണ് ഫുട്ബോൾ ലോകം അടക്കി ഭരിച്ച സൂപ്പർതാരത്തെ കാണാൻ അൽ നസ്‌റിന്റെ മൈതാനത്തെത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്‌റിലെത്തിയത് ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ ആശ്ചര്യപ്പെടുത്തിയ സംഭവമാണെന്നതിൽ യാതൊരു സംശയവുമില്ല. അതിനു പിന്നാലെ മിഡിൽ ഈസ്റ്റിന്റെ പണക്കൊഴുപ്പ് ലോകഫുട്ബോളിനെ ഭരിക്കാൻ തുടങ്ങുമോയെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. അതിനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നാണ് അൽ നസ്‌റിന്റെ മുൻ പരിശീലകൻ റൗൾ കനെഡ പറയുന്നത്. റൊണാൾഡോയുടെ സൈനിങ്‌ ഒരു തുടക്കം മാത്രമാണെന്നും ലോകത്തിന്റെ ശ്രദ്ധ സൗദി ലീഗിലേക്ക് കൊണ്ടു വരാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ക്രിസ്റ്റ്യാനോയുടെ സൈനിങ്‌ ഒരു തുടക്കം മാത്രമാണെന്നാണ് ഞാൻ കരുതുന്നത്. അൽ നസ്‌റിന്റെ എതിരാളികൾക്കും അവരുറെതായ ആഗ്രഹങ്ങൾ ഉണ്ടാകും, അതുകൊണ്ടു തന്നെ റൊണാൾഡോയിൽ മാത്രം ഇത് ഒതുങ്ങാനുള്ള സാധ്യതയില്ല. സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ന്യൂകാസിൽ യുണൈറ്റഡിനെ വാങ്ങി, അതിനു പുറമെ അവരുടെ ലീഗിനെ ഏറ്റവും മികച്ചതാക്കാനും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ലീഗുകളിൽ ഒന്നാക്കാനും അവർക്ക് താൽപര്യമുണ്ടാകും.”

“വലിയൊരു ക്ലബ്, സൗദി അറേബ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ക്ലബുകളിലൊന്നായ അൽ നസ്ർ റൊണാൾഡോയിൽ നിന്നും ഒരുപാട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. സൗദി അറേബ്യയിലെ മൂന്നോ നാലോ ടീമുകൾക്ക് സ്പെയിനിലെ ഫസ്റ്റ് ഡിവിഷനിൽ നന്നായി പൊരുതാൻ കഴിയും. രാജ്യം സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരുപാട് മാറിയിട്ടുണ്ട്, യൂറോപ്യൻസിനു തദ്ദേശീയരെക്കാൾ വ്യത്യസ്‌തമായ ജീവിതശൈലിയുണ്ട്. കാലാവസ്ഥ മാത്രമാണ് പ്രശ്‌നം, അത് പരിശീലനം രാത്രിയിലേക്കു മാറ്റാൻ നിർബന്ധിക്കും.” കനേഡ പറഞ്ഞു.

യൂറോപ്പിന് ഫുട്ബോൾ മേഖലയിൽ വ്യക്തമായ ആധിപത്യമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ അതിനെ ലോകമെമ്പാടും വ്യാപിപ്പിക്കാൻ വേണ്ടിയാണ് ഫിഫ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ചത് അതിനൊരു ഉദാഹരണമാണ്. ലോകകപ്പ് സംഘാടനത്തിനു വളരെയധികം പ്രശംസ ലഭിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ ട്രാൻസ്‌ഫർ നടന്നത്. ഏഷ്യൻ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുകയാണെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.