ബ്രസീലിലെത്താൻ മെസിയുടെ നിർദ്ദേശവും സഹായിച്ചു, വെളിപ്പെടുത്തലുമായി സുവാരസ്

അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി യുറുഗ്വായ് ക്ലബായ നാഷണലിലാണ് ലൂയിസ് സുവാരസ് കളിച്ചിരുന്നത്. വളരെ ചെറിയ കാലത്തേക്കുള്ള കരാറിൽ ക്ലബിനായി കളിച്ച താരത്തിന്റെ കോണ്ട്രാക്റ്റ് ലോകകപ്പിനു മുൻപേ തന്നെ തീർന്നിരുന്നു. ലോകകപ്പിൽ യുറുഗ്വായ് ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരം പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ ബ്രസീലിയൻ ക്ലബായ ഗ്രമിയോയിലാണ് മുപ്പത്തിയഞ്ചുകാരനായ സുവാരസ് എത്തിയത്.

കഴിഞ്ഞ ദിവസം ഗ്രെമിയോ ആരാധകരുടെ മുന്നിൽ സുവാരസിനെ അവതരിപ്പിച്ച സമയത്ത് ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ഏതാണ്ട് മുപ്പത്തിയയ്യായിരം വരുന്ന ആരാധകരാണ് താരത്തെ വരവേൽക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്. 2021ൽ തരം താഴ്ത്തൽ നേരിട്ട ക്ളബിപ്പോൾ ബ്രസീൽ ടോപ് ഡിവിഷനിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അതിനു പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന ലൂയിസ് സുവാരസിനെ സ്വന്തമാക്കിയതിന് ആരാധകർ ആവേശത്തിലാണ്.

ബ്രസീലിയൻ ക്ലബുമായുള്ള ട്രാൻസ്‌ഫർ ചർച്ചകൾ നടത്തുന്ന സമയത്ത് ലൂയിസ് സുവാരസ് തന്റെ സുഹൃത്തും ബാഴ്‌സലോണയിലെ മുൻ സഹതാരവുമായ ലയണൽ മെസിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ ട്രാൻസ്‌ഫർ ചർച്ചകളിൽ ലയണൽ മെസിയുടെ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയപ്പോൾ ഉണ്ടെന്നു തന്നെയാണ് സുവാരസ് മറുപടി നൽകിയത്. സുഹൃത്തുക്കൾ എപ്പോഴും നമ്മളെ സഹായിക്കാനും നിർദ്ദേശങ്ങൾ തരാനും പിന്തുണ നൽകാനും ഉണ്ടാകുമെന്നും അതു തന്നെയാണ് സംഭവിച്ചതെന്നും സുവാരസ് പറഞ്ഞു.

അതേസമയം ഒരു കാലത്ത് യൂറോപ്പിൽ ഗോളുകൾ അടിച്ചു കൂട്ടിയിരുന്ന തന്റെ പ്രതാപം ഇപ്പോഴില്ലെന്ന കാര്യത്തിൽ സുവാരസിന് നല്ല നിശ്ചയമുണ്ട്. “ഞാൻ മുൻപ് ഉണ്ടായിരുന്ന ആളെയല്ല ഇപ്പോൾ. എന്നാൽ ഇപ്പോഴും ഗോൾ പോസ്റ്റിന്റെ അമ്പതു മീറ്റർ ചുറ്റളവിൽ വെച്ച് ഒരു നീക്കം കൊണ്ട് സഹതാരങ്ങളെ സഹായിക്കാൻ എനിക്ക് കഴിയും. ഫുട്ബോൾ കൂട്ടായി കളിക്കേണ്ട മത്സരമാണ്.” സുവാരസ് പറഞ്ഞു.

മൂന്നു തവണ കോപ്പ ലിബർട്ടഡോസ് നേടിയ ഗ്രെമിയോ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ലൂയിസ് സുവാരസ് ഒപ്പു വെച്ചിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിലേക്ക് താരം തിരിച്ചു വരുമെന്ന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. മെസിക്കൊപ്പം താരം ഇന്റർ മിയാമിയിൽ ഒരുമിച്ച് കളിക്കാനുള്ള സാധ്യതകളും ഇതോടെ മങ്ങിയിട്ടുണ്ട്.