“ദി ക്രിസ്റ്റ്യാനോ എഫക്റ്റ്”- സൗദിയിലെ കർശനനിയമങ്ങൾ റൊണാൾഡോക്കു മുന്നിൽ കണ്ണടക്കുന്നു

ലോകം മുഴുവൻ ചർച്ച ചെയ്‌ത ട്രാൻസ്‌ഫറാണ് യൂറോപ്യൻ ഫുട്ബോളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. ഇതോടെ ലോകഫുട്ബോളിൽ തന്നെ ഏറ്റവും ഉയർന്ന തുക പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറി. ഏതാണ്ട് ഇരുനൂറു മില്യൺ യൂറോയാണ് ഒരു സീസണിൽ സ്‌പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടുന്ന കരാറിൽ റൊണാൾഡോക്ക് വേതനമായി ലഭിക്കുക. മുപ്പത്തിയെട്ടാം വയസിൽ ഇത്രയും ഉയർന്ന പ്രതിഫലം ലഭിക്കുന്നതു തന്നെയാണ് റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബിന്റെ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്. മുപ്പതിനായിരത്തോളം വരുന്ന ആരാധകരാണ് അൽ നസ്‌റിന്റെ മർസൂൽ പാർക്കിൽ റൊണാൾഡോയെ കാണാനെത്തിയത്. യൂറോപ്യൻ ഫുട്ബോളിൽ തന്റെ ജോലി പൂർത്തിയായെന്നും ഇനി അൽ നസ്‌റിനൊപ്പം റെക്കോർഡുകൾ തകർക്കുകയാണ് തന്റെ ലക്ഷ്യമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അതിനു ശേഷം വെളിപ്പെടുത്തുകയുണ്ടായി. സൗദി അറേബ്യൻ ഫുട്ബോളിനെ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

അതേസമയം അൽ നസ്‌റിലെത്തിയ റൊണാൾഡോ ഒരു വിപ്ലവമാറ്റത്തിന് ഇപ്പോൾ തന്നെ തുടക്കം കുറിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദിയിലെ നിയമങ്ങൾ പ്രകാരം വിവാഹം കഴിക്കാത്ത പങ്കാളികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയില്ല. റൊണാൾഡോയും പങ്കാളിയായ ജോർജിന റോഡ്രിഗസും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അൽ നസ്‌റിലെ കാണികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങിൽ രണ്ടു പേരും ഒരുമിച്ചാണ് സ്റ്റേഡിയത്തിൽ എത്തിയത്. നിലവിൽ അവർ സൗദിയിലെ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് രാജ്യത്തു നിൽക്കുന്നതെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

റയൽ മാഡ്രിഡിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അർജന്റീനയിൽ വേരുകളുള്ള ജോർജിന റോഡ്രിഗസിനെ റൊണാൾഡോ പരിചയപ്പെടുന്നത്. അതിനു ശേഷം ഇരുവരും അടുക്കുകയും ഒരുമിച്ച് ജീവിക്കുകയുമാണ്. ബെല്ല, അലാന എന്നിങ്ങനെ രണ്ടു കുട്ടികൾ ഇരുവർക്കുമായിട്ടുണ്ട്. ഇതിനു പുറമെ റൊണാൾഡോ ജൂനിയർ, ഇവാ, മാറ്റിയോ എന്നിങ്ങനെ മൂന്നു മക്കൾ കൂടി റൊണാൾഡോക്കുമുണ്ട്. ഒരുമിച്ച് താമസിക്കാൻ തുടങ്ങി ഇത്രയേറെ വർഷങ്ങളായിട്ടും രണ്ടു പേരും ഇതുവരെയും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വിവാഹം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.

സൗദിയിലെ നിയമങ്ങൾ ഇതുപോലെയുള്ള ജീവിതരീതികൾക്ക് എതിരാണെങ്കിലും റൊണാൾഡോക്കും കാമുകിക്കും നേരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റൊണാൾഡോയെപ്പോലെ ആഗോളതലത്തിൽ തിളങ്ങി നിൽക്കുന്ന താരം രാജ്യത്തു വന്നതു തന്നെ വലിയ നേട്ടമായാണ് സൗദി അറേബ്യ കരുതുന്നത്. റൊണാൾഡോയെപ്പോലൊരു താരത്തിന്റെ വരവ് കർശനമായ നിയമങ്ങൾക്ക് പേരു കേട്ട സൗദിയെ തന്നെ മാറ്റിയെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇനിയും പുതിയ മാറ്റങ്ങൾക്ക് റൊണാൾഡോ തുടക്കമിടുമോയെന്നു കണ്ടറിയണം.