കൊച്ചിയിലേക്ക് ഇവാനാശാന്റെ മാസ് എൻട്രി, ആരാധകരുടെ ആശങ്കകൾ മാറ്റിവെക്കാം | Vukomanovic
അഭ്യൂഹങ്ങൾക്കെല്ലാം അവസാനം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തി. ഇന്ന് പുറത്തെ വന്ന എമിറേറ്റ്സ് വിമാനത്തിലാണ് വുകോമനോവിച്ച് കേരളത്തിലേക്ക് തിരിച്ചെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പരിശീലനക്യാമ്പ് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവാൻ വുകോമനോവിച്ച് ടീമിനൊപ്പം ചേരാൻ വൈകുന്നതിൽ ആശങ്കയിലായിരുന്ന ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്.
ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. എഐഎഫ്എഫ് നൽകിയ പിഴശിക്ഷ കാരണം അവർക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ടീമിലെ പല പ്രധാന കളിക്കാരെയും വിൽക്കേണ്ടി വരികയും ചെയ്‌തിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിൽ റഫറിയോടുള്ള പ്രതിഷേധമായി താരങ്ങളെ പിൻവലിക്കാനുള്ള ഇവാന്റെ തീരുമാനമാണ് ഇതിനു കാരണമായത്. ഇത് തന്നെയാണ് ആരാധകർക്കും ആശങ്ക നൽകിയത്.
🚨 | Kerala Blasters FC head coach Ivan Vukomanovic has landed in Kochi, the Serbian tactician arrived at the airport early morning today. [Manorama] #IndianFootball pic.twitter.com/DiQxMCkmVr
— 90ndstoppage (@90ndstoppage) July 27, 2023
ഇവാന്റെ തീരുമാനത്തെ പലരും വിമർശിച്ച സാഹചര്യത്തിൽ അദ്ദേഹം ക്ലബ് വിടാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടോ എന്നാണ് ആരാധകർ ആശങ്കപ്പെട്ടത്. പ്രീ സീസൺ ആരംഭിച്ചിട്ടും ഇവാൻ ക്ലബിനൊപ്പം ചേരാൻ വൈകിയതോടെ ഈ സംശയം ബലപ്പെട്ടു. എന്നാൽ വിസ സംബന്ധമായ നടപടിക്രമങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് ഇവാന്റെ വരവ് വൈകിയത്. ഇന്ന് പുലർച്ചെ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് അദ്ദേഹം എത്തിയത്.
ഇവാന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് പുതിയൊരു ആത്മവിശ്വാസം നൽകും. പരിശീലകനും കൂടിച്ചേർന്ന് പരിഹരിക്കാൻ നിരവധി കാര്യങ്ങളുമുണ്ട്. പരിക്കേറ്റ സോട്ടിരിയോക്ക് പകരക്കാരനെ കണ്ടെത്തുക, ആവശ്യമുള്ള പൊസിഷനിലേക്ക് താരങ്ങളെ എത്തിക്കുക തുടങ്ങിയവയെല്ലാം ഇതിൽ നിർണായകമായ കാര്യങ്ങളാണ്. അതിനു പുറമെ ഡ്യൂറന്റ് കപ്പ് ആരംഭിക്കാനിരിക്കെ അതിനു ടീമിനെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കുകയെന്നതും അദ്ദേഹത്തിന് മുന്നിലുള്ള ചുമതലയാണ്.
Ivan Vukomanovic Has Landed In Kochi