ഇവാൻ വുകോമനോവിച്ച് ടീമിനായി പരമാവധി നൽകുന്നുണ്ട്, ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പിന്തുണച്ച് ചെന്നൈയിൻ എഫ്‌സി പരിശീലകൻ | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാൻ കരുത്തുള്ളതെന്ന് ആരാധകർ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് തുടങ്ങിയതു മുതൽ തകർന്നടിയുന്ന കാഴ്‌ചയാണ്‌ ആരാധകർ കാണുന്നത്. സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയിച്ചതിനു ശേഷം ഇന്നലെ ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്നടക്കമുള്ള അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി.

ഈ സീസണിൽ മോശം ഫോമിലുള്ള ചെന്നൈയിൻ എഫ്‌സിക്കെതിരെയും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതിനു ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. പരിക്കുകൾ ടീമിനെ ബാധിച്ചത് യാഥാർഥ്യമാണെങ്കിലും കൃത്യമായ തന്ത്രങ്ങൾ മെനയാൻ അദ്ദേഹം പരാജയപ്പെടുന്നുവെന്ന വിമർശനമാണ് പലരും ഉയർത്തുന്നത്.

എന്നാൽ ഇന്നലെ ചെന്നൈയിൻ എഫ്‌സി പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വലിയ പിന്തുണയാണ് നൽകിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഐഎസ്എല്ലിൽ ഏറ്റവുമധികം പണം മുടക്കിയ ടീമുകളിൽ ഒന്നല്ലെന്ന് ആരാധകർ മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇവാൻ വുകോമനോവിച്ച് ടീമിനെക്കൊണ്ട് സാധ്യമായ ഏറ്റവും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ തിരിച്ചടികൾ നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയതും ഇവാൻ യുവതാരങ്ങൾക്ക് ഒരുപാട് അവസരം നൽകിയതുമെല്ലാം പരിഗണിക്കേണ്ട കാര്യങ്ങളാണെന്നാണ് കോയൽ പറയുന്നത്. ഇതുപോലെയൊരു സാഹചര്യത്തിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. ഇന്നലത്തെ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഈ സീസണിൽ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം ഇല്ലാതായിട്ടുണ്ട്. പ്ലേ ഓഫിലെത്തുകയെന്നതാവും ടീം മുന്നോട്ടു വെക്കുന്ന പ്രധാനപ്പെട്ട ലക്‌ഷ്യം.

Ivan Vukomanovic Is Doing Good Says Owen Coyle