പരിക്കിന്റെ ഭാരം കൂടി വരുന്നു, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടപ്രതീക്ഷകൾ നഷ്‌ടമാകുന്നു | Kerala Blasters

ചെന്നൈയിൻ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ചെന്നൈയിൻ എഫ്‌സി സ്വന്തം മൈതാനത്ത് നേടിയത്. ഇതോടെ ഐഎസ്എല്ലിലും സൂപ്പർകപ്പിലുമായി തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുന്നതെന്നത് ആരാധകർക്ക് നിരാശ നൽകുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്കൊപ്പം ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് ആരാധകരുടെ ആശങ്കകൾ വർധിപ്പിക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുന്ന രണ്ടു താരങ്ങളാണ് പരിക്കേറ്റു കളിക്കളം വിട്ടത്. ഗോൾകീപ്പറായ സച്ചിൻ സുരേഷും നിലവിൽ ടീമിന്റെ നായകനായ ലെസ്കോവിച്ചുമാണ് പരിക്കേറ്റു പുറത്തായത്.

മത്സരം തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സച്ചിൻ സുരേഷ് പരിക്കേറ്റു പുറത്തു പോയി. താരത്തിന് പകരം കരൺജിത്താണ് ഇറങ്ങിയത്. സച്ചിൻ സുരേഷിന്റെ ഷോൾഡറിനാണ് പരിക്കെന്നും സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയതിനു ശേഷമേ എത്ര ദിവസം പുറത്തിരിക്കേണ്ടി വരുമെന്ന് അറിയാൻ കഴിയൂവെന്നുമാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.

രണ്ടാം പകുതിയിലാണ് മാർകോ ലെസ്‌കോവിച്ച് പരിക്കേറ്റു പുറത്തു പോയത്. താരത്തിന് കളിക്കളത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പിൻവലിച്ചതാണെന്നാണ് പരിശീലകൻ പറഞ്ഞത്. കൂടുതൽ കുഴപ്പങ്ങളൊന്നുമില്ലെന്നും അടുത്ത മത്സരത്തിൽ ഇറങ്ങാൻ ലെസ്‌കോവിച്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ തന്നെ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തിരിക്കുകയാണ്. ഐബാൻ, ലൂണ, പെപ്ര എന്നിവർക്ക് പുറമെ പരിക്ക് കാരണം ദിമിത്രിയോസ് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങുകയും ചെയ്‌തിരുന്നില്ല. തുടർച്ചയായ പരിക്കുകൾ കാരണം ടീമിന്റെ കെട്ടുറപ്പ് അയഞ്ഞതാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി വളരെ മോശം പ്രകടനം നടത്തുന്നതിന്റെ പ്രധാന കാരണം.

Two More Kerala Blasters Players Injured