ലയണൽ മെസിയും നെയ്‌മറും വീണ്ടുമൊരുമിക്കുമോ, ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ മെസി ക്ഷണിച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ താരം | Neymar

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ബാഴ്‌സലോണയിലെ എംഎസ്എൻ ത്രയം. ലയണൽ മെസിയും ലൂയിസ് സുവാരസും നെയ്‌മറും ഒരുമിച്ച് കളിച്ച മുന്നേറ്റനിര സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി. കളിക്കളത്തിനകത്തും പുറത്തുമെല്ലാം ഈ മൂന്നു താരങ്ങളും വളരെയധികം സൗഹൃദം പുലർത്തിയിരുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

നെയ്‌മർ അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ടതോടെ ലയണൽ മെസിയും സുവാരസും ബാഴ്‌സലോണയിൽ ഒരുമിച്ച് തുടർന്നു. അതിനു ശേഷം സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുകയും പിന്നീട് യൂറോപ്പ് വിടുകയും ചെയ്‌തു. അതിനു ശേഷം ബാഴ്‌സലോണ വിട്ട ലയണൽ മെസി വീണ്ടും നെയ്‌മർക്കൊപ്പം പിഎസ്‌ജിയിൽ ഒരുമിച്ചെങ്കിലും പഴയ മാജിക്ക് അവർക്ക് വീണ്ടും കാണിക്കാൻ കഴിഞ്ഞില്ല.

രണ്ടു താരങ്ങളും പിഎസ്‌ജി കരാർ അവസാനിച്ച് കഴിഞ്ഞ സമ്മറിലാണ് ക്ലബ് വിടുന്നത്. ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കും നെയ്‌മർ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കും ചേക്കേറി. അതേസമയം ഈ മൂന്നു താരങ്ങളും വീണ്ടും ഒരുമിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം ബ്രസീലിയൻ താരം നൽകിയ സൂചന.

നിലവിൽ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് നെയ്‌മർ. അതിനിടയിൽ നൽകിയ ഒരു അഭിമുഖത്തിലാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യതയെക്കുറിച്ച് താരം സംസാരിച്ചത്. ലയണൽ മെസിയുമായി താൻ സംസാരിച്ചിരുന്നുവെന്നും ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ താരം ക്ഷണിച്ചുവെന്നുമാണ് നെയ്‌മർ കഴിഞ്ഞ ദിവസം പറഞ്ഞത്.

നിലവിൽ സൗദി ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്‌മർ. എന്നാൽ ടീമിനായി ഏതാനും മത്സരങ്ങൾ കളിച്ചപ്പോഴേക്കും താരത്തിന് പരിക്കേറ്റിരുന്നു. നെയ്‌മറുടെ സേവനം കാര്യമായി ലഭ്യമല്ലാത്തതിനാൽ തന്നെ താരത്തെ അൽ ഹിലാൽ ഒഴിവാക്കാൻ സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ നെയ്‌മർ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്.

Neymar Says Messi Invite Him To Inter Miami