“എതിരാളികളിൽ ഇതു ഭയമുണ്ടാക്കുന്നു, മികച്ച പ്രകടനത്തിനു കാരണക്കാർ ആരാധകർ”- കൊച്ചിയിലെ മഞ്ഞക്കടലിനെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച്

ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീമിനും വളരെയധികം ആത്മവിശ്വാസവും ആവേശവും നൽകിയാണ് പൂർത്തിയായത്. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ അവസാനിച്ചതിന് ശേഷം കൊച്ചിയിൽ നടക്കുന്ന ആദ്യത്തെ ഐഎസ്എൽ മത്സരത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കു നടുവിൽ ഈ സീസണിലെ ഉദ്ഘാടനമത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിന്റെ എല്ലാ ഊർജ്ജവും ഉൾക്കൊണ്ടപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്‌നിയും ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടിയപ്പോൾ അലെക്‌സാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ കുറിച്ചത്.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ടീമിന് നൽകിയ പിന്തുണ വളരെ മികച്ചതായിരുന്നു. തുടക്കം മുതൽ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ പിന്തുണച്ച അവർ സ്റ്റേഡിയത്തെ എല്ലായിപ്പോഴും ശബ്ദമുഖരിതമാക്കി നിലനിർത്തി. ഇതിനു പുറമെ റഫറിയുടെ തെറ്റായ തീരുമാനങ്ങൾ വന്നപ്പോൾ പ്രതിഷേധിച്ചും എതിർ ടീമിന്റെ ആത്മവിശ്വാസം തകർക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. മത്സരത്തിനു ശേഷം നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയെക്കുറിച്ച് പ്രത്യേകം പരാമർശിക്കുകയും ചെയ്‌തു.

“വളരെ വലിയ, വിലമതിക്കാൻ കഴിയാത്ത പിന്തുണയായിരുന്നു അത്. ഇതുപോലെ പിന്തുണ ലഭിക്കുമ്പോൾ, നമ്മൾ മൈതാനത്ത് എല്ലാം നൽകും. ഈ ആരാധകരാണ് കൂടുതൽ മികച്ച പ്രകടനം നടത്താൻ സമ്മർദ്ദം നൽകുന്നത്. നമ്മൾ അവർക്കു വേണ്ടി എല്ലാം നൽകണം, വിയർപ്പിന്റെ അവസാനത്തെ തുള്ളി വരെ. നമുക്ക് വേണ്ട കാര്യത്തിൽ കൂടുതൽ വിശ്വാസമുണ്ടാകുമ്പോൾ ഇതിനെ വ്യക്തിപരമായി കാണാൻ കഴിയും, എങ്ങിനെയാണ് ആദ്യത്തെ ഗോളിന് ശേഷം ആരാധകർ ഞങ്ങളെ കൂടുതൽ മികച്ച പ്രകടനം നടത്താൻ സമ്മർദ്ദം നൽകിയതെന്ന്.”

“എവേ ടീമിനെ സംബന്ധിച്ച് ഇതു ഭയമുണ്ടാക്കുന്ന കാര്യമാണ്. ഒരു ടീമെന്ന നിലയിൽ നമുക്ക് ഈ നിമിഷത്തെ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, ഇത്തരം മത്സരങ്ങൾ മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ, ഏതു ദുഷ്‌കരം പിടിച്ച സാഹചര്യത്തിലും നമുക്ക് എതിരാളികളെ കീഴടക്കാൻ കഴിയും. ഈസ്റ്റ് ബംഗാൾ ടീം വളരെ നല്ല നിലവാരം ഈ സീസണിൽ കാണിക്കുമെന്നാണ് ഞാൻ കരുതുന്നത്, അവർ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അതെ ടീമല്ല.” മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ മികച്ച വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം കൊൽക്കത്ത ടീമായ എടികെ മോഹൻ ബഗാന് എതിരെയാണ്. ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ച് കൂടുതൽ കരുത്തരായ എടികെ മോഹൻ ബഗാൻ മത്സരത്തിൽ കൂടുതൽ വെല്ലുവിളി സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൊച്ചിയിലെ കാണികളുടെ കരുത്തിൽ അടുത്ത മത്സരവും സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.