തോൽവിയിലും ഗംഭീര പ്രകടനം, മലയാളി താരം രാഹുലിനെ പ്രശംസിച്ച് വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് തോൽവി വഴങ്ങിയെങ്കിലും മലയാളി താരം രാഹുൽ കെപി നടത്തിയ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ ഈ സീസണിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ച താരം എൺപത്തിയൊമ്പതു മിനുട്ട് കളത്തിലുണ്ടായിരുന്നു. ആദ്യ ഇലവനിൽ ഇടം ലഭിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ ടീമിലെ സ്ഥാനമുറപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് താരം നടത്തിയത്.

“രാഹുലിനെ വലതു വശത്തു വേണ്ടതിന്റെ ആവശ്യമെന്താണെന്ന് ഞങ്ങൾക്കിന്നു മനസിലായി, ഇതുപോലെയുള്ള ആക്ഷനുകൾ, ഇതുപോലെയുള്ള സാഹചര്യങ്ങൾ, വൺ എഗൈൻസ്റ്റ് വൺ അതെല്ലാം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് മലയാളി താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കേ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

“രാഹുൽ മികച്ച പ്രകടനം നടത്തി, എനിക്കതിൽ സന്തോഷമുണ്ട്. ഐഎസ്എൽ തുടങ്ങിയതിനു ശേഷം താരം ആദ്യമായി സ്റ്റാർട്ട് ചെയ്‌ത മത്സരമായിരുന്നു ഇന്നലത്തേത്. പന്തടക്കത്തിന്റെ കാര്യത്തിലും എതിരാളികൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിലും ഒറ്റക്കുള്ള നീക്കങ്ങളിലും വൺ ഓൺ ഓൺ വൺ സാഹചര്യങ്ങളിലുമെല്ലാം താരം നന്നായി കളിച്ചു. പ്രതിരോധത്തെയും സഹായിച്ച താരം അപകടകാരിയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ നടത്തിയ പ്രകടനം രാഹുലിനെ പരിശീലകൻ കൂടുതൽ പരിഗണിക്കാൻ സാധ്യത വര്ധിപ്പിക്കുമെന്നതിൽ സംശയമില്ല. എടികെ മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടാൻ രാഹുലിന് കഴിഞ്ഞിരുന്നു. വരുന്ന മത്സരങ്ങളിലും ഇതുപോലെ മികവിലേക്ക് ഉയരാൻ കഴിഞ്ഞാൽ ഇരുപത്തിരണ്ടുകാരനായ താരത്തിന് ടീമിന്റെ പ്രധാന താരമാകാനും അതു വഴി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടികൾക്ക് പരിഹാരമുണ്ടാക്കാനും കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.