പെപ് ഗ്വാർഡിയോളയും പറയുന്നു, ഖത്തർ ലോകകപ്പ് നേടാൻ സാധ്യത അർജന്റീനക്ക്

ഖത്തർ ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി പെപ് ഗ്വാർഡിയോള അർജന്റീനയെയാണ് തിരഞ്ഞെടുത്തതെന്ന് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരം ജൂലിയൻ അൽവാരസ്. ടീമിലെ തന്റെ താരങ്ങളോട് ലോകകപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗ്വാർഡിയോള ലോകകപ്പ് സാധ്യതയുള്ള ടീമിനെ തിരഞ്ഞെടുത്തതെന്ന് അൽവാരസ് പറയുന്നു. അർജന്റീന ടീമിന് ഇത്തവണ സാധ്യതയുണ്ടെന്ന് നിരവധി താരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒപ്പമാണ് പെപ് ഗ്വാർഡിയോളയും അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും ഈ സമ്മറിലാണ് ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. എർലിങ് ഹാലാൻഡിനു പിന്നിൽ ടീമിലെ പകരക്കാരൻ സ്‌ട്രൈക്കറാണെങ്കിലും അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്ന താരം ലോകകപ്പ് ടീമിലുണ്ടാകാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഡ്രസിങ് റൂമിൽ വെച്ച് ടീമിലെ പോർച്ചുഗൽ താരങ്ങളും റോഡ്രിയും ഗ്വാർഡിയോളയും തമ്മിൽ സംസാരിക്കുന്ന സമയത്താണ് കാറ്റലൻ പരിശീലകൻ അർജന്റീനക്ക് ഏറ്റവുമധികം സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയതെന്ന് അൽവാരസ് പറയുന്നു.

“സിറ്റിയിൽ എന്റെ ആദ്യത്തെ ദിവസങ്ങളായിരുന്നു. പോർച്ചുഗീസ് താരങ്ങളും റോഡ്രിയും പെപ് ഗ്വാർഡിയോളയും ആരാണ് ഇത്തവണ ലോകകപ്പ് നേടുകയെന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അവർ പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളെക്കുറിച്ച് പറഞ്ഞു. അപ്പോൾ പെപ് ‘ആർക്കാണ് ഏറ്റവുമധികം സാധ്യതയെന്ന് അറിയാമോ’ എന്നു ചോദിച്ച് എനിക്ക് നേരെ ചൂണ്ടിക്കാട്ടി.” ജൂലിയൻ അൽവാരസ് ഇഎസ്‌പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ലയണൽ സ്‌കലോണിയെന്ന പരിശീലകനു കീഴിൽ ടീം മികച്ച പ്രകടനം നടത്തുന്നതിനു പുറമെ നായകൻ ലയണൽ മെസിയുടെ ഫോമുമാണ് അർജന്റീനക്ക് ഇത്തവണ ലോകകപ്പിൽ കിരീടസാധ്യത വർധിപ്പിക്കുന്നത്. എന്നാൽ ലോകകപ്പിൽ നിരവധി വമ്പൻ ടീമുകളുടെ ഭീഷണിയെ മറികടന്നു മാത്രമേ അർജന്റീനക്ക് കിരീടത്തിലെത്താൻ കഴിയുകയുള്ളൂ. ബ്രസീൽ, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, സ്പെയിൻ തുടങ്ങിയ ടീമുകളെല്ലാം കിരീടസാധ്യത ഉള്ളവരാണ്.