“ലൂണക്ക് എല്ലാ പൊസിഷനുമറിയാം”- ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് പരിശീലകൻ | Kerala Blasters
ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ് നിറയാൻ കാരണമായ ഒരു മത്സരമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ മൈതാനത്തു നടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയം നേടിയതിനു പുറമെ മനോഹരമായ ഫുട്ബാൾ മത്സരത്തിൽ കാഴ്ച വെക്കാൻ ടീമിനു കഴിഞ്ഞുവെന്നതാണ് ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്നത്. വിജയത്തോടെ പോയിന്റ് നിലയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കേരളത്തിനു കഴിഞ്ഞു. മത്സരത്തിനു ശേഷം പരിശീലകൻ വുകോമനോവിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും തന്റെ സന്തോഷം പങ്കു വെച്ചു.
“ഇത് ബഹുമാനം അർഹിക്കുന്ന പ്രക്രിയ തന്നെയാണ്. മനോഹരമായ താളത്തിലും ഒഴുക്കിലും ടീം മുന്നോട്ടു പോകുന്നതും തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും പരാജയം അറിയാതിരിക്കുന്നതും വലിയ നേട്ടമാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അതു പ്രത്യേകതയുള്ള കാര്യമാണെന്നതിൽ സംശയമില്ല. നമ്മുടെ പഴയ കാലം നോക്കുമ്പോൾ അവസാനത്തെ സീസൺ മാത്രമല്ല, അതിനു മുൻപുള്ള സീസണുകൾ കൂടി നോക്കുമ്പോൾ, ഒരു ക്ലബ് എന്ന നിലയിൽ ഉയർന്ന തലത്തിലെത്താൻ നമ്മൾ ബുദ്ധിമുട്ടുകയായിരുന്നു.”
“ഇപ്പോൾ തുടർച്ചയായ രണ്ടാമത്തെ വർഷവും നമ്മൾ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ്, അവിടെത്തന്നെ നമുക്ക് തുടരുകയും ചെയ്യണം. ഒരു പരിശീലകൻ എന്ന നിലയിൽ കളിക്കാർ ആസ്വദിക്കുന്നതു കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അവർ നല്ല നിലവാരമുള്ള ഫുട്ബോൾ ഒത്തൊരുമയോടെ കളിക്കുന്നു. അതു വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. വിജയത്തിൽ സന്തോഷമുണ്ട്, ഇതുപോലെ തന്നെ തുടരുമെന്നും കരുതുന്നു.” വുകോമനോവിച്ച് പറഞ്ഞു. കലിയുഷ്നി മധ്യനിരയിൽ ഇല്ലാതിരുന്നതാണോ പ്രത്യാക്രമണങ്ങൾക്കു കാരണമായതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
🗣️ “For the second season in a row, we are among the best and we want to stay here.”
— Indian Super League (@IndSuperLeague) January 3, 2023
Here’s what @ivanvuko19 had to say after @KeralaBlasters‘ win against @JamshedpurFC! 💪#KBFCJFC #HeroISL #LetsFootball #KeralaBlasters #IvanVukomanovic https://t.co/nZ2XPzLrNi
“ഒരു വശത്തു നിന്നും നോക്കുമ്പോൾ നമുക്കങ്ങിനെ പറയാം, പക്ഷെ യഥാർത്ഥത്തിൽ അഡ്രിയാൻ ലൂണ സെൻട്രൽ മിഡ്ഫീൽഡിൽ മികച്ചൊരു ജോലിയാണ് ചെയ്തത്. വളരെ മികച്ച കളിക്കാരനാണ് ലൂണ, എല്ലാ പൊസിഷനുകളും താരത്തിന് അറിയാം. അഡ്രിയാനെ നിങ്ങൾ ഫുൾബാക്ക് പൊസിഷനിൽ കളിപ്പിച്ചാലും യാതൊരു പ്രശ്നവുമില്ലാതെ താരം അവിടെ കളിക്കും.” വുകോമനോവിച്ച് പറഞ്ഞു.
തുടർച്ചയായ എട്ടു മത്സരങ്ങളിൽ വിജയം നേടിയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിലെ എതിരാളികൾ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയാണ്. മുംബൈയുടെ മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുമെന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ വർധിക്കും. ഈ മത്സരത്തിലെ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.