ഒരൊറ്റ മത്സരമാണ് വിധി നിർണയിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇവാൻ വുകോമനോവിച്ചിന്റെ മുന്നറിയിപ്പ് | Ivan Vukomanovic
ഹൈദെരാബാദിനെതിരായ അവസാനത്തെ ഐഎസ്എൽ മത്സരം കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് പിന്നീട് ഇറങ്ങുക പ്ലേ ഓഫ് മത്സരങ്ങൾക്ക് വേണ്ടിയാണ്. നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് നിലവിലെ സ്ഥാനം മെച്ചപ്പെടുത്താനൊന്നും അവസരമില്ല. ഇതേ സാഹചര്യത്തിൽ തന്നെയാണ് തുടരുന്നതെങ്കിൽ ഒഡിഷ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നേരിടേണ്ടി വരിക.
പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നിരുന്നെങ്കിൽ കൊച്ചിയിൽ പ്ലേ ഓഫ് മത്സരം കളിക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയാതെ വന്നതോടെ എതിരാളികളുടെ മൈതാനത്തു തന്നെ പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം മത്സരങ്ങളെക്കുറിച്ച് ഇവാൻ ടീമിലെ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി.
🎙️| Ivan Vukomanovic: “Playoff game, knockout phase it's 1 game so you try to prepare the best way you can try to be as strong as you can, you go there and you fight 90minutes, 95, 120, whatever it is you fight for the qualification.That's it.”#KeralaBlasters pic.twitter.com/BNy5NCsXCn
— Blasters Zone (@BlastersZone) April 10, 2024
“പ്ലേ ഓഫ് മത്സരങ്ങൾ, നോക്ക്ഔട്ട് ഘട്ടം എന്നിവയിലെല്ലാം ഒരൊറ്റ മത്സരമാണ് വിധിയെഴുതുക. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുക, ഏറ്റവും കരുത്തുറ്റ പ്രകടനം നടത്താൻ വേണ്ടി ശ്രമിക്കുക. തൊണ്ണൂറു മിനുട്ടോ, തൊണ്ണൂറ്റിയഞ്ചു മിനുട്ടോ നൂറ്റിയിരുപതു മിനുട്ടോ പൊരുതേണ്ടി വന്നേക്കും. എന്തായാലും യോഗ്യത നേടാൻ വേണ്ടി പൊരുതുകയെന്നതേ ചെയ്യാനുള്ളൂ.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 19, 20 തീയതികളിലാവും അത് നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഏപ്രിൽ 19നു നടക്കാനാണ് സാധ്യത. മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇവാൻ നേരത്തെ തന്നെ ആരംഭിച്ചു. അതിന്റെ ഭാഗമായാണ് അവസാനത്തെ മത്സരങ്ങളിൽ പല താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുന്നത്.
ഒഡിഷയുമായാണ് മത്സരമെങ്കിൽ ആ മൈതാനത്ത് ഇതുവരെ വിജയിച്ചിട്ടില്ലെന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. അതേസമയം ആ മോശം റെക്കോർഡ് തിരുത്താനുള്ള ഒരു അവസരം കൂടി ടീമിനുണ്ട്. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ ഫൈനലിൽ എത്തിയത് പോലെയൊരു മുന്നേറ്റം ഈ സീസണിലുമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Ivan Vukomanovic Talks About Play Off Games