ഒരു ബാക്കപ്പ് സ്‌ട്രൈക്കറാവേണ്ടവനല്ല അൽവാരസ്, മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്ത കിടിലൻ ഗോൾ | Julian Alvarez

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലെത്താൻ അവസരമുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്. അതിനിടയിൽ ടീമിലെ പ്രധാന താരമായ കെവിൻ ഡി ബ്രൂയ്ൻ ഇല്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്ന് പതറുകയും ചെയ്‌തു. ഫുൾഹാമിനെതിരായ മത്സരത്തിൽ ഹാലാൻഡ് മുന്നിലെത്തിച്ചെങ്കിലും കാർലോസ് വിനീഷ്യസിലൂടെ ഫുൾഹാം സമനില ഗോൾ നേടിയത് സിറ്റിക്ക് ഞെട്ടലുണ്ടാക്കി.

എന്നാൽ അതിനു ശേഷം അർജന്റീന താരം ഹൂലിയൻ അൽവാരസ് ടീമിന്റെ രക്ഷകനാവുന്നതാണ് കണ്ടത്. മുപ്പത്തിയാറാം മിനുട്ടിൽ താരം മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടി. ഫുൾഹാം ബോക്‌സിന് പുറത്തു നിന്നും പന്ത് സ്വീകരിച്ച താരം തന്നെ തടയാൻ വന്ന പ്രതിരോധതാരത്തെ ഒന്ന് ക്ലച്ച് ചെയ്‌ത്‌ മറികടന്നതിനു ശേഷം ഒരു ഗംഭീര ഷോട്ടിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ സീസണിൽ താരം നേടുന്ന എട്ടാമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു അത്.

സീസണിൽ ഇരുപത്തിയഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അൽവാരസ് ആദ്യ ഇലവനിൽ ഇറങ്ങിയത് വെറും എട്ടു മത്സരങ്ങളിൽ മാത്രമാണ്. അതിൽ നിന്നും എട്ടു ഗോളുകൾ നേടാൻ താരത്തിന് കഴിയുകയും ചെയ്‌തു. ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി ഇരിക്കേണ്ട താരമല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് അൽവാരസ് നടത്തുന്നത്. ചാമ്പ്യൻസ് ലീഗിലും നാല് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം നാല് ഗോളുകളിൽ പങ്കാളിയായി.

ഇരുപത്തിമൂന്നുകാരനായ താരത്തിന്റെ വിജയഗോളിന് പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും എഴുപത്തിയാറു പോയിന്റാണ് സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. ഒരു മത്സരം കൂടുതൽ കളിച്ച ആഴ്‌സണൽ എഴുപത്തിയഞ്ച് പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനിയുള്ള ഓരോ മത്സരങ്ങളും രണ്ടു ടീമുകൾക്കും അതിനിർണായകമാണ്.

Julian Alvarez Scored Winning Goal Against Fulham