റിച്ചാർലിസൺ ഒരു കോമഡി പീസാവുന്നു, ബ്രസീലിയൻ താരത്തെ കളിയാക്കി ആരാധകർ | Richarlison

പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം ലിവർപൂളും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിന് ശേഷം ആരാധകരുടെ ട്രോളുകൾക്ക് ഇരയായി ബ്രസീലിയൻ താരം റീചാർലിസൺ. ആവേശകരമായ മത്സരത്തിൽ പതിനഞ്ചാം മിനുട്ടിൽ തന്നെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയ ലിവർപൂളിനെതിരെ ടോട്ടനം തിരിച്ചടിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ലിവർപൂൾ വിജയം നേടി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ടോട്ടനത്തിനായി സമനില ഗോൾ നേടിയത് റിച്ചാർലിസൺ ആയിരുന്നു. സീസണിൽ നേടിയ ആദ്യത്തെ പ്രീമിയർ ലീഗ് ഗോൾ ജേഴ്‌സിയൂരി മതിമറന്നാണ് താരം ആഘോഷിച്ചത്. അതിനു പുറമെ ലിവർപൂൾ ആരാധകർക്ക് നേരെ മിണ്ടാതിരിക്കാനുള്ള ആംഗ്യം കാണിച്ച താരം സോണിനൊപ്പം ഡാൻസിങ് സെലിബ്രെഷനും നടത്തുകയുണ്ടായി.

ടോട്ടനം സമനില ഉറപ്പിച്ചുവെന്നു കരുതിയാണ് ബ്രസീലിയൻ താരം അത് ചെയ്‌തതെങ്കിലും അതിനു പിന്നാലെ ലിവർപൂൾ വിജയഗോൾ നേടി. തലയിൽ കൈവെച്ചാണ് അതിനോട് റിച്ചാർലിസൺ പ്രതികരിച്ചത്. അതിനു പിന്നാലെയാണ് ആരാധകർ താരത്തെ ട്രോളുന്നത്. ബ്രസീലിയൻ താരം ഒരു കോമഡി പീസായി മാറിയെന്നും എന്തോ ശാപം കിട്ടിയിട്ടുണ്ടെന്നുമെല്ലാം ആരാധകർ പറയുന്നു.

മത്സരത്തിൽ കുർട്ടിസ് ജോൺ, ലൂയിസ് ഡയസ്, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളിലാണ് ലിവർപൂൾ മുന്നിലെത്തിയത്. മുപ്പത്തിയൊമ്പതാം മിനുട്ടിൽ ഹാരി കേൻ ടോട്ടനത്തിനായി ഒരു ഗോൾ തിരിച്ചടിച്ചു. അതിനു ശേഷം സോൺ ഒരു ഗോൾ കൂടി നേടിയതിനു ശേഷമാണ് റിച്ചാർലിസണിന്റെ ഗോൾ പിറന്നതെങ്കിലും അതുകൊണ്ട് ഗുണമുണ്ടായില്ല. തോൽവിയോടെ ടോട്ടനത്തെ മറികടന്ന് ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.

Richarlison Mocked By Fans For His Celebrations Against Liverpool