ലോകകപ്പ് മാത്രമല്ല, തൃശൂർ പൂരവും മെസിയിങ്ങെടുത്തു | Lionel Messi

ഖത്തർ ലോകകപ്പിൽ ഐതിഹാസിക പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയ അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിക്കും ടീമിനും കേരളത്തിൽ നിന്നും ലഭിച്ച പിന്തുണ ചെറുതല്ല. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പിന്തുണയാണ് കൊച്ചു കേരളത്തിൽ നിന്നും അർജന്റീനക്ക് ലഭിച്ചത്. ഒടുവിൽ കിരീടം നേടിയതിനു ശേഷം അർജന്റീന പല രാജ്യങ്ങൾക്കൊപ്പം കേരളത്തിന്റെയും പേര് എടുത്തു പറഞ്ഞാണ് നന്ദി അറിയിച്ചത്.

ലോകകപ്പ് ടൂർണമെന്റ് അവസാനിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞെങ്കിലും അതിന്റെ ആവേശം കേരളക്കരക്ക് അവസാനിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം തൃശൂർ പൂരത്തിൽ നിന്നുമുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നായ കുടമാറ്റത്തിന്റെ അവസാന ലാപ്പുകളിൽ ലയണൽ മെസി ലോകകപ്പ് കിരീടവുമായി നിൽക്കുന്ന കുട ഉയർത്തിയപ്പോൾ ആവേശം അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്.

തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകൾ എഴുതിയാണ് ലയണൽ മെസിയുടെ കുട അവർ ഉയർത്തിയത്. ഇതിനും മുകളിൽ ഒരെണ്ണം വെക്കാൻ പാറമേക്കാവിനു കഴിയില്ലെന്നതു പോലെയായിരുന്നു ലയണൽ മെസിയുടെ കുട ഉയർത്തിയപ്പോൾ ജനങ്ങളിൽ നിന്നും ഉണ്ടായ പ്രതികരണം. ഫുട്ബോൾ ലോകകപ്പും അതിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി കിരീടം ഉയർത്തിയതും ആരാധകരിൽ എത്ര പ്രഭാവമുണ്ടാക്കിയെന്ന് ഇത് വ്യക്തമാക്കി നൽകുന്നു.

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഒരു ഫുട്ബോൾ പ്രേമിയും മറക്കാത്ത ഒന്നാണ്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ പലരും എഴുതിത്തള്ളിയപ്പോൾ പിന്നീട് പൊരുതിയാണ് ടീം ഓരോ മത്സരങ്ങളിലും വിജയിച്ചത്. ക്വാർട്ടർ ഫൈനലിലും ഫൈനലിലും ലീഡെടുത്തത് അവസാന നിമിഷങ്ങളിൽ തുലച്ചു കളഞ്ഞെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടി.

Lionel Messi With World Cup In Trissur Pooram