മെസിക്കൊപ്പം മറ്റൊരു മുൻതാരത്തെ കൂടി തിരിച്ചെത്തിക്കണം, ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് ബാഴ്‌സലോണ താരങ്ങൾ | Barcelona

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തുകയാണ് ബാഴ്‌സലോണ. ഈ സീസണോടെ ഫ്രീ ഏജന്റാകുന്ന താരം പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിട്ടില്ലെന്നതാണ് ബാഴ്‌സലോണ താരത്തിനായി ശ്രമങ്ങൾ നടത്താനുള്ള പ്രധാന കാരണം. എന്നാൽ അതിനു ലാ ലിഗയുടെ അനുമതി വേണമെന്നതിനാൽ അതിനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബാഴ്‌സലോണ നേതൃത്വം. അവരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

എന്നാൽ ലയണൽ മെസി മാത്രമാകില്ല അടുത്ത സമ്മറിൽ ബാഴ്‌സലോണയിലേക്ക് തിരിച്ചു വരിക. കഴിഞ്ഞ സീസണിന്റെ പകുതിൽ ടീമിലെത്തി ആറു മാസം മാത്രം ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന ഒബാമേയാങ്ങും വരുന്ന സമ്മറിൽ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വളരെക്കൂടുതലാണ്. ജനുവരിയിൽ ടീമിലെത്തി പതിനൊന്നു ഗോളുകൾ ബാഴ്‌സലോണക്കായി നേടിയ താരം ടീമിനെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ലെവൻഡോസ്‌കി അടക്കമുള്ള താരങ്ങളെ വാങ്ങാൻ ബാഴ്‌സലോണ വേതനബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒബാമേയാങിന് ക്ലബ് വിടേണ്ടി വന്നത്. ബാഴ്‌സയിൽ നിന്നും താരം ചെൽസിയിലേക്ക് ചേക്കേറുകയും ചെയ്‌തു. എന്നാൽ ചെൽസിയിൽ എത്തിയ താരത്തിന് ബാഴ്‌സലോണയിലെ ഫോം തുടരാൻ കഴിഞ്ഞില്ല. ഈ സീസണിലാകെ ഒരൊറ്റ പ്രീമിയർ ലീഗ് ഗോൾ മാത്രമാണ് ഒബാമയാങിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

ചെൽസിയിൽ നിരവധി താരങ്ങൾ വന്നതിനാൽ വേതനബിൽ കുറക്കേണ്ടത് അവർക്കും ആവശ്യമാണ്. അതിനു വേണ്ടി ഒബാമയാങ്ങിനെ അടുത്ത സമ്മറിൽ വിൽക്കാൻ അവർ തയ്യാറാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയ്ക്ക് താരത്തെ പണം നൽകി വാങ്ങാനുള്ള സാഹചര്യമില്ല. ചെൽസി ഗാബോൺ താരത്തെ ഫ്രീ ഏജന്റായി നൽകാൻ തയ്യാറാണെന്നും അതിനാലാണ് ബാഴ്‌സ താരത്തെ തിരികെ കൊണ്ടുവരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സാവിയുമായും ബാഴ്‌സലോണ താരങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാൻ ഒബാമയാങിന് കഴിഞ്ഞിരുന്നു. ബാഴ്‌സലോണ ഡ്രസിങ് റൂമിലെ എൺപതു ശതമാനം പേരും താരത്തിന്റെ തിരിച്ചു വരവിനു സമ്മതം മൂളിയിട്ടുണ്ട്. ഇതിൽ നിന്നും വ്യക്തമാകുന്ന മറ്റൊരു കാര്യമുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ടീമിലെത്തിയില്ലെങ്കിൽ പോലും ഒബാമേയാങ് ബാഴ്‌സലോണയിൽ എത്തിയേക്കും.

80% Of Barcelona Squad Favour Pierre Emerick Aubameyang Return