സൗദി അറേബ്യയിലേക്ക് പോകാൻ ഇഷ്‌ടപ്പെടുന്നുവെന്ന് ലയണൽ മെസി, ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് | Lionel Messi

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ലെന്നതിനാൽ തന്നെ താരവുമായി ബന്ധപ്പെട്ടു നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. ഖത്തർ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിനാൽ ലയണൽ മെസിയെ സൗദി ക്ലബുകളുമായി ബന്ധപ്പെടുത്തിയും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലോകറെക്കോർഡ് പ്രതിഫലം താരത്തിന് വാഗ്‌ദാനം ചെയ്യപ്പെട്ടുവെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്.

അതിനിടയിൽ കഴിഞ്ഞ ദിവസം ലയണൽ മെസി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഷെയർ ചെയ്‌ത പോസ്റ്റ് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നായിരുന്നു. സൗദി അറേബ്യയെ പ്രകീർത്തിക്കുന്ന പോസ്റ്റാണ് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെ ലയണൽ മെസി ഇട്ടത്. “സൗദി ഇത്രയും ഹരിതാഭമാണെന്ന് ആരെങ്കിലും ചിന്തിക്കുമോ, അവിടുത്തെ അപ്രതീക്ഷിതമായ അത്ഭുതങ്ങൾ സാധിക്കുന്ന സമയത്തെല്ലാം കാണാൻ ഞാൻ ഇഷ്‌ടപ്പെടുന്നു” എന്നായിരുന്നു മെസിയുടെ പോസ്റ്റ്.

ഇതോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന സൂചന നൽകുകയാണ് ചെയ്‌തതെന്ന്‌ പലരും കരുതി. എന്നാൽ അതിനു പിന്നിലെ കാരണം മറ്റൊന്നായിരുന്നു. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലയണൽ മെസി. ഏതാനും വർഷങ്ങളായി ആ സ്ഥാനത്ത് മെസി തുടരുകയാണ്. സൗദി അറേബ്യൻ ടൂറിസത്തെക്കുറിച്ച് കൂടുതൽ പ്രചാരണം നൽകാൻ വേണ്ടിയാണ് ലയണൽ മെസി ഇത്തരമൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

സൗദി അറേബ്യയിൽ നിന്നും ലയണൽ മെസിക്ക് ഓഫറുകൾ ഉണ്ടെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അത് പരിഗണിക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. യൂറോപ്പിൽ തന്നെ ഏതാനും വർഷങ്ങൾ കൂടി തുടരാൻ ആഗ്രഹിക്കുന്ന താരം ഒന്നുകിൽ തന്റെ മുൻ ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചു പോകും. ബാഴ്‌സ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതല്ലെങ്കിൽ നിലവിലെ ക്ലബായ പിഎസ്‌ജിയിൽ തന്നെ മെസി തുടരും.

Lionel Messi Shared About Saudi Arabia In A Sponsored Post