എതിരാളികളുടെ പേടിസ്വപ്‌നം, കഴിഞ്ഞ സീസണിലെ അവിശ്വസനീയ നേട്ടം ആവർത്തിച്ച് വിനീഷ്യസ് | Vinicius Junior

റയൽ മാഡ്രിഡിൽ എത്തിയതിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം ഗംഭീര പ്രകടനമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ നടത്തുന്നത്. മൈതാനത്തെ പെരുമാറ്റത്തിന്റെ പേരിൽ താരത്തിനെതിരെ വിമർശനം ധാരാളമുണ്ടെങ്കിലും അതൊന്നും പ്രകടനത്തെ ബാധിക്കുന്നില്ല. എതിർപ്രതിരോധത്തിനു എല്ലായിപ്പോഴും വിനീഷ്യസിന്റെ നീക്കങ്ങളും ഡ്രിബ്ലിങ് മികവും ഭീഷണി തന്നെയാണ്.

കഴിഞ്ഞ ദിവസം അൽമേരിയക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കരിം ബെൻസിമ നേടിയ ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയത് വിനീഷ്യസ് ആയിരുന്നു. ബെൻസിമ ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തിൽ ഒരു ഗോൾ റോഡ്രിഗോയും നേടി. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ രണ്ടു കിരീടങ്ങൾക്ക് സാധ്യതയുള്ള റയലിന് ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ വിജയം.

അതേസമയം കഴിഞ്ഞ മത്സരത്തിൽ അസിസ്റ്റ് നേടിയതോടെ കഴിഞ്ഞ സീസണിലെ അതെ നേട്ടം ആവർത്തിക്കാൻ ബ്രസീലിയൻ താരത്തിനായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി ഇരുപത്തിരണ്ടു ഗോളുകളും ഇരുപത് അസിസ്റ്റുകളുമാണ് വിനീഷ്യസ് ജൂനിയർ സ്വന്തമാക്കിയത്. ഇന്നലെ ബെൻസിമയുടെ ഗോളിന് അസിസ്റ്റ് നൽകിയതോടെ ഈ സീസണിലും റയൽ മാഡ്രിഡിനായി ഇരുപത്തിരണ്ടു ഗോളുകളും ഇരുപത് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിനായി. ഈ സീസണിൽ തന്റെ റെക്കോർഡ് കൂടുതൽ മെച്ചപ്പെടുത്താൻ താരത്തിന് അവസരമുണ്ട്.

വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വിനീഷ്യസ് ജൂനിയർ തുടർച്ചയായ സീസണുകളിൽ നാൽപ്പതിലധികം ഗോളുകളിൽ പങ്കാളിയാകുന്നത്. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ ഇനിയും തന്റെ നിലവാരമുയർത്താൻ ബ്രസീലിയൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാൻ തന്റെ പ്രകടനത്തിലൂടെ വിനീഷ്യസിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗും കോപ്പ ഡെൽ റേയും സ്വന്തമാക്കാൻ താരത്തിന് അവസരമുണ്ട്.

ബാഴ്‌സലോണയ്ക്ക് സംഭവിച്ച നഷ്‌ടം തന്നെയാണ് വിനീഷ്യസെന്ന കാര്യത്തിൽ സംശയമില്ല. താരത്തെ ആദ്യം സ്വന്തമാക്കാൻ ശ്രമിച്ചതും ചർച്ചകൾ ആരംഭിച്ചതും ബാഴ്‌സലോണ ആയിരുന്നു. ക്ലബ്ബിലേക്ക് ചേക്കേറാൻ താരത്തിനും സമ്മതമായിരുന്നു. എന്നാൽ അതിനു പിന്നാലെ റയൽ മാഡ്രിഡിന്റെ ഓഫർ വന്നപ്പോൾ താരം അവരെ തിരഞ്ഞെടുത്തു. ഇപ്പോൾ ബാഴ്‌സലോണക്ക് വലിയ ഭീഷണിയായി താരം മാറി.

Vinicius Junior 22 Goals 20 Assists In Second Consecutive Season