മെസിക്ക് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നഷ്‌ടമായി, യുവേഫയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ | Lionel Messi

നിരവധി ഗംഭീര റെക്കോർഡുകൾ കരിയറിൽ സ്വന്തമാക്കിയ ലയണൽ മെസി ഒരു ഫുട്ബോളർ എന്ന നിലയിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ഒരാൾ കൂടിയാണ്. എന്നാൽ കഴിഞ്ഞ ദിവസം യുവേഫ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നടത്തിയ പ്രഖ്യാപനത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം തന്നെ അവർ എടുത്തു കളഞ്ഞിരിക്കുന്നു.

ഇതുവരെ ലയണൽ മെസിയുടെ പേരിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് ഉണ്ടായിരുന്നത്. 2006, 2009, 2011, 2015 എന്നീ വർഷങ്ങളിലായിരുന്നു കിരീടനേട്ടം. ഇതിൽ അവസാനത്തെ മൂന്നു തവണയും ലയണൽ മെസിയുടെ മികവിൽ തന്നെയാണ് ബാഴ്‌സലോണ കിരീടം നേടിയത്. എന്നാൽ 2006ൽ കിരീടം സ്വന്തമാക്കുമ്പോൾ ലയണൽ മെസി ബാഴ്‌സലോണ ടീമിലെ പ്രധാനപ്പെട്ട താരമായിരുന്നില്ല.

ഇതുകൊണ്ടു തന്നെയാണ് ലയണൽ മെസിയുടെ 2006ലെ കിരീടനേട്ടം യുവേഫ അവരുടെ വെബ്‌സൈറ്റിൽ നിന്നും എടുത്തു കളഞ്ഞിരിക്കുന്നത്. 2006ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള സ്‌ക്വാഡിൽ ലയണൽ മെസിക്ക് ഇടമുണ്ടായിരുന്നില്ല. അതുകൊണ്ടു താരത്തിന്റെ കിരീടനേട്ടം അംഗീകരിക്കാൻ കഴിയില്ലെന്നാണ് യുവേഫ പറയുന്നത്. ഫൈനലിൽ ആഴ്‌സനലിനെ തോൽപ്പിച്ചാണ് ബാഴ്‌സലോണ കിരീടം നേടിയത്.

യുവേഫയുടെ ഈ പ്രഖ്യാപനത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. മെസിയുടെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഞ്ചു ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളുണ്ട്. ഒരെണ്ണം കൂടി നേടിയാൽ മെസി അതിനൊപ്പം എത്തുമെന്നു പ്രതീക്ഷിച്ചു നിൽക്കെയാണ് യുവേഫ ആരാധകരെ ഞെട്ടിച്ചത്. എന്തായാലും ഇനി ചാമ്പ്യൻസ് ലീഗ് കിങ്ങായി റൊണാൾഡോയെ തന്നെയാണ് ആരാധകർ വാഴ്ത്തുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

UEFA Claim Lionel Messi Has Only Won 3 Champions Leagues