“റൊണാൾഡോ ലീഗിനെ സ്വാധീനിക്കാൻ കഴിയുന്ന താരം”- സ്വന്തമാക്കാൻ രണ്ടു ജർമൻ ക്ലബുകൾ ചർച്ച നടത്തിയെന്ന് ഒലിവർ ഖാൻ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയർന്നു കേട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ശ്രമം നടത്തിയെങ്കിലും താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ വിമുഖത കാണിച്ചു. ഇതോടെ പ്രീമിയർ ലീഗിൽ തന്നെ തുടരേണ്ടി വന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ പകരക്കാരനായി മാറുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുന്നതിനെ സംബന്ധിച്ച് ബയേൺ അടക്കം രണ്ടു ജർമൻ ക്ലബുകൾ ചർച്ചകൾ നടത്തിയെന്നാണ് ബയേൺ മ്യൂണിക്ക് സിഇഒയായ ഒലിവർ ഖാൻ പറയുന്നത്. റൊണാൾഡോയെപ്പോലൊരു സൂപ്പർതാരമെത്തിയാൽ അത് ജർമൻ ലീഗിനു നൽകുന്ന ഗംഭീര ഉണർവ് കണക്കിലെടുത്താണ് ചർച്ചകൾ നടത്തിയതെന്നും എന്നാൽ അതിൽ മുന്നോട്ടു പോകേണ്ടെന്ന തീരുമാനമാണ് ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജർമൻ ഇതിഹാസം വെളിപ്പെടുത്തി.

“ഞങ്ങൾ റൊണാൾഡോയെക്കുറിച്ച് ബയേൺ മ്യൂണിക്കിൽ ചർച്ചകൾ നടത്തിയിരുന്നു. ഡോർട്മുണ്ടും അതു തന്നെ ചെയ്‌തിട്ടുണ്ടാകണം. ബുണ്ടസ്‌ലിഗ വികസിക്കുന്ന ചിത്രവും ഞങ്ങൾ കണ്ടു. റൊണാൾഡോയെപ്പോലുള്ള സൂപ്പർതാരങ്ങൾ ലീഗിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിന് പ്രധാന ഘടകമാണ്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ, എന്നാൽ ഞങ്ങളതുടനെ തന്നെ നിരാകരിച്ചു.” ഒലിവർ ഖാൻ ജർമൻ മാധ്യമമായ ബിൽഡിനോട് പറഞ്ഞു.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്താണ് ഒലിവർ ഖാൻ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോയെ ടെൻ ഹാഗ് കളത്തിലിറക്കാത്തതിനെ തുടർന്നാണ് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമേ റൊണാൾഡോയെ ടെൻ ഹാഗ് ആദ്യ ഇലവനിൽ കളിപ്പിച്ചിട്ടുള്ളൂ.

ഖാനിന്റെ പ്രതികരണത്തോടെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോ ജർമൻ ലീഗിലേക്ക് ചേക്കേറുമോയെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്. ടീമിന്റെ പ്രകടനം പരിഗണിച്ച് റൊണാൾഡോയെ ജനുവരിയിൽ സ്വന്തമാക്കാൻ ഈ ക്ലബുകൾ ശ്രമം നടത്തില്ലെന്ന് പറയാൻ കഴിയില്ല. അതിനു വേണ്ടി തന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ താരം വിട്ടുവീഴ്‌ച ചെയ്യാനും സാധ്യതയുണ്ട്.