പിഎസ്‌ജിയുമായി ‘വെർബൽ കോണ്ട്രാക്റ്റ്’, മെസിക്ക് ജനുവരിയിൽ തന്നെ ക്ലബ് വിടാനാകും

ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവമായി ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ബാഴ്‌സലോണക്ക് കരാർ പുതുക്കാൻ കഴിയാത്തതിനെ തുടർന്ന് 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയുണ്ടെങ്കിലും അതിൽ അവസാന തീരുമാനം മെസിയുടേതായിരിക്കുമെന്നതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം.

ലയണൽ മെസിയുടെ കരാർ അവസാനിക്കാനിരിക്കേ അർജന്റീന താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സജീവമായിട്ടുണ്ട്. അടുത്ത സമ്മർ ജാലകത്തിൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ ബാഴ്‌സലോണ സാമ്പത്തികശേഷി വീണ്ടെടുത്തു കഴിഞ്ഞുവെന്ന് ക്ലബിന്റെ സാമ്പത്തിക വിഭാഗം മേധാവി വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജിയും ആരംഭിച്ചിട്ടുണ്ട്.

അതേസമയം സ്‌പാനിഷ്‌ മാധ്യമമായ എഎസിന്റെ ജേർണലിസ്റ്റായ മനു സെയ്ൻസ് മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുകയാണ്. മെസിക്ക് വേണമെങ്കിൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് വിടാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിൽ താരവും പിഎസ്‌ജിയും തമ്മിൽ വാക്കാൽ ധാരണയുണ്ടെന്നും ക്ലബ് വിടണമെന്ന് മെസി ആഗ്രഹിച്ചാൽ അതിനു തടസം നിൽക്കാൻ ഫ്രഞ്ച് ക്ലബിന് കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ ലയണൽ മെസി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടാൻ യാതൊരു സാധ്യതയുമില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. പിഎസ്‌ജിക്കൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കുക എന്നതാവും ഈ സീസണിൽ മെസിയെ സംബന്ധിച്ച് പ്രധാന ലക്ഷ്യം. അതുപോലെ തന്നെ അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടുകയെന്ന ലക്ഷ്യവുമായാണ് ഈ സീസണിൽ ലയണൽ മെസിയെ മുന്നോട്ടു നയിക്കുന്നത്.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കക്കെതിരെ ഗോൾ കണ്ടെത്തിയതോടെ ഈ സീസണിൽ പിഎസ്‌ജിക്കായി എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അർജന്റീന ടീമിനു വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും മെസി നേടി. ഗോളുകളും അസിസ്റ്റുകളും നേടുന്നതിനു പുറമെ ടീമിന്റെ കളിയെ മുഴുവൻ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നുവെന്നതും മെസിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്ന കാര്യമാണ്.