എതിരാളികൾക്ക് മര്യാദ കൊടുക്കുന്ന റൊണാൾഡോ, താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഫുട്ബോൾ ലോകം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഈ സീസൺ അത്ര മികച്ചതല്ല. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ നടത്തിയ ശ്രമങ്ങൾ വിജയം കാണാതിരുന്നതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത ക്ലബിനൊപ്പം താരത്തിന് തുടരേണ്ടി വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്ന റൊണാൾഡോക്ക് ഇതുവരെയും ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാകാനോ അവസരം ലഭിക്കുമ്പോൾ മികച്ച പ്രകടനം നടത്താനോ കഴിഞ്ഞിട്ടില്ല. എങ്കിലും എതിരാളികൾക്ക് അർഹിക്കുന്ന മര്യാദ നൽകുന്ന റൊണാൾഡോയുടെ പ്രവൃത്തി ഫുട്ബോൾ ലോകത്തിന്റെ അഭിനന്ദനം ഏറ്റു വാങ്ങുകയാണിപ്പോൾ.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി പോലും റൊണാൾഡോക്ക് അവസരം ലഭിച്ചിരുന്നില്ല. മൂന്നിനെതിരെ ആറു ഗോളുകളുടെ തോൽവിയാണു ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റു വാങ്ങിയത്. എന്നാൽ മത്സരത്തിനു മുൻപ് റൊണാൾഡോ ചെയ്‌ത കാര്യമാണ് മത്സരത്തിന് ഏതാനും ദിവസങ്ങൾക്കു ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏതു സമയത്തും താരം അർഹിക്കുന്ന ബഹുമാനം എതിരാളികൾക്കു നൽകുന്നുവെന്ന് ഈ പ്രവൃത്തി വ്യക്തമാക്കുന്നുവെന്ന് ആരാധകർ പറയുന്നു.

മത്സരത്തിനു മുൻപായി മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയത്തിലേക്ക് വരുമ്പോഴാണ് ആരാധകർ ഒന്നടങ്കം അഭിനന്ദിക്കുന്ന പ്രവൃത്തിയുണ്ടായത്. സ്റ്റേഡിയത്തിലേക്ക് കേറുമ്പോൾ അവിടെ തറയിൽ എഴുതിയിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ലോഗോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ചവിട്ടേണ്ടതായിരുന്നു. എന്നാൽ പെട്ടന്നു തന്നെ അതു തിരിച്ചറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയുടെ ലോഗോയിൽ ചവിട്ടാതെ വശത്തുകൂടി മാറിപ്പോവുകയാണ് താരം ചെയ്‌തത്‌. മികച്ച പ്രതികരണവും അഭിനന്ദനവുമാണ് താരത്തിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുന്നത്.

റൊണാൾഡോയുടെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ മറ്റൊരു കാര്യം കൂടി ആരാധകർ ചൂണ്ടിക്കാട്ടുന്നു. താരം ആ ലോഗോയിൽ ചവിട്ടി കടന്നു പോയിരുന്നെങ്കിൽ അത് ചിലപ്പോൾ ഇതിനേക്കാൾ വേഗത്തിൽ വാർത്തയായി മാറുമായിരുന്നുവെന്ന്. റൊണാൾഡൊക്കെതിരെ പല ഭാഗത്തു നിന്നും ഉണ്ടാകുന്ന അനാവശ്യവിവാദങ്ങളെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി എത്തിഹാദിൽ എത്തിയ അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ് സമാനമായ കാര്യം ചെയ്‌തതും ഇതിനൊപ്പം ആരാധകർ ഓർമിപ്പിക്കുന്നു.

ആദ്യപകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് ഗോളുകൾ വഴങ്ങിയ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരനായി പോലും ഇറക്കാതിരുന്നത് റൊണാൾഡോയുടെ മികച്ച കരിയറിനോടുള്ള ബഹുമാനം കൊണ്ടാണെന്നാണ് മത്സരത്തിനു ശേഷം പരിശീലകനായ എറിക് ടെൻ ഹാഗ് വെളിപ്പെടുത്തിയത്. ഇന്ന് നടക്കാനിരിക്കുന്ന ഒമാനിയക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ താരം കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.