ഹാട്രിക്ക് അസിസ്റ്റുകൾ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായി ഏഞ്ചൽ ഡി മരിയ

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ യുവന്റസ് ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന കളിയിൽ വിജയം കണ്ടെത്തി നോക്ക്ഔട്ട് പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുവന്റസ് വിജയം നേടിയ മത്സരത്തിൽ ഫ്രഞ്ച് താരമായ അഡ്രിയാൻ റാബിയറ്റ് ഇരട്ടഗോളുകൾ കുറിച്ചപ്പോൾ മറ്റൊരു ഗോൾ നേടിയത് സെർബിയൻ സ്‌ട്രൈക്കറായ ദുസൻ വ്ളാഹോവിച്ച് ആയിരുന്നു. മത്സരത്തിലെ മറ്റൊരു പ്രത്യേകത അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയയുടെ പ്രകടനമായിരുന്നു. മത്സരത്തിലെ മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയത് ഡി മരിയയായിരുന്നു.

മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ഡി മരിയ ആദ്യത്തെ ഗോളിന് അവസരമുണ്ടാക്കിയത്. റാബിയറ്റ് നേടിയ ആ ഗോളിന് ശേഷം അൻപതാം മിനുട്ടിൽ വ്ളാഹോവിച്ച് നേടിയ ഗോളിനും മികച്ചൊരു ത്രൂ പാസ് താരം നൽകി. ഈ രണ്ട് അസിസ്റ്റുകളും ഡി മരിയയുടെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു. അതിനു ശേഷം എണ്പത്തിമൂന്നാം മിനുട്ടിൽ ഡി മാറിയ എടുത്ത കോർണറിൽ തലവെച്ചാണ് അഡ്രിയാൻ റാബിയറ്റ് തന്റെ രണ്ടാമത്തെ ഗോളും മത്സരത്തിൽ യുവന്റസിന്റെ മൂന്നാം ഗോളും നേടുന്നത്. സീസണിൽ പതറുന്ന യുവന്റസിന് ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഇതു നൽകിയത്.

“വിജയം വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. ഞങ്ങൾ വളരെ നന്നായി പൊരുതി മത്സരഫലത്തെ മാറ്റിയെടുത്തു. ഞാൻ എന്റെ ജോലി ചെയ്യാനാണ് ശ്രമിച്ചത്, അസിസ്റ്റുകൾ നൽകുന്നത് എനിക്ക് വളരെ ഇഷ്‌ടപ്പെട്ട കാര്യമാണ്. ഗോളുകളേക്കാൾ പ്രധാനപ്പെട്ട കാര്യമാണ് അസിസ്റ്റുകൾ നൽകുന്നത്. ഇതുപോലെത്തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി പിഎസ്‌ജിയിൽ നിന്നും യുവന്റസിലെത്തിയ ഏഞ്ചൽ ഡി മരിയ ഇന്നലെ നടന്ന മത്സരത്തിനു ശേഷം പറഞ്ഞു.

യുവന്റസിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഡി മരിയക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ആദ്യത്തെ മത്സരത്തിൽ സാസുവോളോയോട് നേടിയ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ഇന്നലെ നടന്ന മത്സരത്തിലെ പ്രകടനം ഡി മരിയ ടീമുമായി കൂടുതൽ ഇണങ്ങിയെന്നു വ്യക്തമാക്കുന്നു. ഇതിനു പുറമെ താരത്തിന്റെ ആത്മവിശ്വാസം വർദ്ധിയ്ക്കാനും ഇതുപകരിക്കും. ലോകകപ്പ് അടുത്തിരിക്കെ അർജന്റീനക്കും താരത്തിന്റെ മികച്ച പ്രകടനം പ്രതീക്ഷ നൽകുന്നുണ്ട്.

അതേസമയം മികച്ച വിജയത്തോടെ നോക്ക്ഔട്ടിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ യുവന്റസിന് വന്നിട്ടുണ്ട്. നിലവിൽ പിഎസ്‌ജി, ബെൻഫിക്ക എന്നിവർക്ക് പിന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്. ആദ്യസ്ഥാനത്തുള്ള രണ്ടു ടീമുകൾക്കും ഏഴു പോയിന്റ് ഉണ്ടെന്നിരിക്കെ അടുത്ത മൂന്നു മത്സരങ്ങളിലും വിജയം യുവന്റസിന് അനിവാര്യമാണ്. അതല്ലെങ്കിൽ ഈ സീസണിൽ യുവന്റസ് യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമാണുണ്ടാവുക.