“ഞാൻ ഓട്ടോഗ്രാഫ് ചോദിച്ചിട്ടുള്ളത് മറഡോണയോട് മാത്രമാണ്, ഇപ്പോൾ മെസിയോടും”- പോർച്ചുഗീസ് ഇതിഹാസം പറയുന്നു

ബെൻഫിക്കക്കെതിരെ നടന്ന ഇന്നലെ നടന്ന മത്സരത്തിൽ മെസി തന്നെയാണ് താരമായത്. മത്സരത്തിൽ മുന്നിലെത്തിയെങ്കിലും സമനില വഴങ്ങേണ്ടി വന്ന പിഎസ്‌ജിക്കായി ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. അതിനു പുറമെ പിഎസ്‌ജിയുടെ മുഴുവൻ കളിയെയും തന്റെ മാന്ത്രികനീക്കങ്ങൾ കൊണ്ട് മുന്നോട്ടു കൊണ്ടു പോകാൻ അർജന്റീനിയൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പിഎസ്‌ജിക്കു വേണ്ടി പുറത്തെടുക്കാൻ കഴിയാതിരുന്ന താരം ഈ സീസണിൽ അതിന്റെ കുറവുകൾ പൂർണമായും പരിഹരിക്കുന്നുണ്ട്.

ബെൻഫിക്കക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ലയണൽ മെസി അതിനു മുൻപു തന്നെ വലിയൊരു അഭിനന്ദനം നേടിയിരുന്നു. മത്സരത്തിനു മുൻപ് താരത്തെ കാണാനെത്തിയ പോർചുഗലിന്റെയും അത്ലറ്റികോ മാഡ്രിഡിന്റെയും ഇതിഹാസതാരമായ പൗളോ ഫ്യൂട്രേ ലയണൽ മെസിയുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുകയും സംസാരിച്ചും കെട്ടിപ്പുണർന്നും തന്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. അതിനു ശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഫ്യൂട്രേ കുറിച്ച വാക്കുകൾ അദ്ദേഹം ലയണൽ മെസിയെ എത്രത്തോളം മതിക്കുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ്.

തന്നെക്കാൾ മികച്ചതായി രണ്ടു താരങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതു രണ്ടും അർജന്റീന താരങ്ങളാണെന്നുമാണ് ഫ്യൂട്രേ ട്വിറ്ററിൽ കുറിച്ചത്. ജീവിതത്തിൽ ഇതിനു മുൻപ് ഡീഗോ മറഡോണയോട് മാത്രമേ താൻ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടിട്ടുള്ളൂവെന്ന് പറഞ്ഞ ഫ്യൂട്രേ 1987ൽ രണ്ടു താരങ്ങളും ലോക ഇലവനിൽ ഒന്നിച്ച് കളിച്ചപ്പോഴാണ് അതു സംഭവിച്ചതെന്നും വെളിപ്പെടുത്തി. ഇന്ന് താൻ ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്ന രണ്ടാമത്തെ താരമായി ലയണൽ മെസി മാറിയെന്നും ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോ പങ്കു വെച്ച് ഫ്യൂട്രേ കുറിച്ചു.

വിങ്ങറായി കളിച്ചിരുന്ന പൗളോ ഫ്യൂട്രേ സ്പോർട്ടിങ്, പോർട്ടോ, ബെൻഫിക്ക തുടങ്ങിയ പോർച്ചുഗീസ് ക്ളബുകളിലെല്ലാം കളിച്ചിട്ടുണ്ടെങ്കിലും കരിയറിന്റെ ഭൂരിഭാഗം ചിലവഴിച്ചിട്ടുള്ളത് അത്ലറ്റികോ മാഡ്രിഡിനൊപ്പമാണ്. ആറു വർഷത്തോളം അത്ലറ്റികോ മാഡ്രിഡിനായി കളിച്ച താരം രണ്ടു കിരീടങ്ങളും സ്വന്തമാക്കി. 1987ൽ ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനത്തു വരാൻ കഴിഞ്ഞ താരം കൂടിയായ ഫ്യൂട്രേ പോർചുഗലിനായി നാൽപത്തിയൊന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഈ സീസണിൽ തന്റെ മികച്ച പ്രകടനം പിഎസ്‌ജിക്കായി നടത്തുന്ന ലയണൽ മെസി ഇതുവരെ എട്ടു ഗോളുകളാണ് ടീമിനായി കുറിച്ചിട്ടുള്ളത്. ഇതിനു പുറമെ എട്ടു ഗോളുകൾക്ക് താരം വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സീസണിൽ പിഎസ്‌ജി ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ മുന്നോട്ടു പോകുമ്പോൾ അതിനു ചുക്കാൻ പിടിക്കുന്നത് ഗോളടിച്ചും അടിപ്പിച്ചും കളിക്കുന്ന ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റനിര തന്നെയാണ്.