അതിമനോഹരഗോളിലൂടെ ചാമ്പ്യൻസ് ലീഗിൽ പുതിയ നേട്ടം സ്വന്തമാക്കി ലയണൽ മെസി

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൻഫിക്കക്കെതിരെ പിഎസ്‌ജിക്ക് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും സമനിലയോടെ ഈ സീസണിലെ അപരാജിത കുതിപ്പ് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. ബെൻഫിക്കയുടെ മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലയണൽ മെസി മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ തന്നെ പിഎസ്‌ജിയെ മുന്നിലെത്തിച്ചെങ്കിലും ഡാനിലോ പെരേരയുടെ സെൽഫ് ഗോളാണ് ഫ്രഞ്ച് ചാമ്പ്യന്മാർക്ക് വിജയം നിഷേധിച്ചത്.

നെയ്‌മർ, എംബാപ്പെ തുടങ്ങിയ മുന്നേറ്റനിര താരങ്ങളുമായി മനോഹരമായി ഒത്തിണങ്ങിയാണ് ലയണൽ മെസി മത്സരത്തിലെ ഗോൾ നേടിയത്. മികച്ചൊരു വൺ ടച്ച് മുന്നേറ്റത്തിനൊടുവിൽ മെസി എംബാപ്പെക്കു നീട്ടിയ പന്ത് താരം നെയ്‌മർക്കു നൽകി. നെയ്‌മർ അതു വീണ്ടും മെസിക്ക് തന്നെ നൽകിയപ്പോൾ ഗോൾകീപ്പർ സ്ഥാനം തെറ്റി നിൽക്കുന്നത് കണക്കിലെടുത്ത് അതിമനോഹരമായ രീതിയിൽ താരം അതു ഗോൾവലക്കുള്ളിലേക്ക് തൂക്കിയിറക്കുകയായിരുന്നു. സീസണിൽ പിഎസ്‌ജിക്കു വേണ്ടി മെസിയുടെ എട്ടാമത്തെ ഗോളാണ് ഇന്നലെ പിറന്നത്.

ബെൻഫിക്കക്കെതിരെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ മറ്റൊരു നേട്ടം കൂടി മെസി സ്വന്തമാക്കുകയുണ്ടായി. ചാമ്പ്യൻസ് ലീഗിൽ നാൽപതു വ്യത്യസ്‌ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിലാക്കിയത്. മക്കാബി ഹൈഫക്കെതിരെ നടന്ന മത്സരത്തിൽ തന്നെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ മെസിക്ക് ഇന്നലത്തെ മത്സരത്തിൽ അതിനെ ഒന്നുകൂടി മെച്ചപ്പെടുത്താൻ കഴിഞ്ഞു.

മുപ്പത്തിയെട്ടു വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ ലയണൽ മെസിക്ക് പിന്നിലുള്ളത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. 140 ഗോളുകൾ താരം നേടിയപ്പോൾ 126 ഗോളുകൾ നേടിയ മെസി രണ്ടാം സ്ഥാനത്താണ്. 89 ചാമ്പ്യൻസ് ലീഗ് ഗോളുകൾ സ്വന്തം പേരിലുള്ള ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോസ്‌കിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

നാൽപതു വ്യത്യസ്‌ത ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയിട്ടുള്ള ലയണൽ മെസി ഏറ്റവുമധികം ഗോൾ കണ്ടെത്തിയിട്ടുള്ളത് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് എതിരെയാണ്. ഒൻപതു ഗോളുകളാണ് താരം നേടിയിട്ടുള്ളത്. സെൽറ്റിക്, എസി മിലാൻ എന്നീ ടീമുകൾക്കെതിരെ ഏഴു ഗോളുകൾ നേടിയിട്ടുള്ള മെസി മാഞ്ചസ്റ്റർ സിറ്റി, ബയേർ ലെവർകൂസൻ എന്നീ ക്ളബുകൾക്കെതിരെ ആറു വീതം ഗോളുകളും ചാമ്പ്യൻസ് ലീഗിൽ സ്വന്തമാക്കിയിട്ടുണ്ട്.