കഴിഞ്ഞ തവണ നഷ്‌ടമായത്‌ ഇത്തവണ നേടിയേ തീരൂ, പുതിയ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിന്റെ പുതിയൊരു സീസണിന് ഒക്ടോബർ ഏഴിന് തിരശീല ഉയരുമ്പോൾ ആദ്യത്തെ മത്സരം കളിക്കാൻ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ അവിശ്വസനീയമായ കുതിപ്പു കാഴ്‌ച വെച്ച് ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയെ വിറപ്പിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കഴിഞ്ഞ തവണ നഷ്‌ടമായ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങുന്ന ഈ സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ എടികെ മോഹൻ ബാഗാനാണ് അവരുടെ എതിരാളികൾ. കൊച്ചിയിലെ ജവർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ലീഗിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാൻ കഴിയാത്തൊരു സ്‌ക്വാഡിനെ വെച്ച് ഗംഭീരപോരാട്ടവീര്യം കാഴ്‌ച വെപ്പിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെയാണ് ഈ സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന കരുത്ത്. തന്റെ കയ്യിലുള്ള വിഭവങ്ങളെ എങ്ങിനെ കൃത്യമായി ഉപയോഗിക്കണമെന്ന് കൃത്യമായ ധാരണയുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിലെ സൂപ്പർ താരങ്ങളായ ജോർജ് പെരേര ഡയസും അൽവാരോ വാസ്‌ക്വസും ക്ലബ് വിട്ടെങ്കിലും അതിനു പകരക്കാരെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് സ്‌ക്വാഡിൽ കൂടിയാണ്. എല്ലാ പൊസിഷനിലേക്കും കൃത്യമായ ബാക്കപ്പ് താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലുണ്ട്. ഇതിനാൽ ഏതെങ്കിലും പ്രധാന താരങ്ങൾക്ക് പരിക്കു പറ്റിയാൽ ടീമിന്റെ പ്രകടനത്തെ ബാധിക്കാൻ സാധ്യതയില്ല. മധ്യനിരയിൽ ഇവാൻ കലിയുഷ്‌നിയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ടീമിന് കൂടുതൽ ആഴം നൽകുന്നതിനു പുറമെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ടെന്നതും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്.

പരിക്കിന്റെ ബുദ്ധിമുട്ടുകൾ അടിക്കടി അലട്ടുന്ന താരങ്ങളുണ്ടെന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ദൗർബല്യങ്ങളിലൊന്ന്. മധ്യനിരയിലെ മലയാളി താരമായ സഹൽ അബ്‌ദുൾ സമദാണ് അതിലെ പ്രധാനി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ആദ്യത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനു പുറമെ ഈ സീസണിൽ ടീമിലെത്തിയ മുന്നേറ്റനിരയിലെ പ്രധാന താരമായ ദിമിത്രിയോസ് ഡയമന്റക്കൊസിന്റെ പരിക്കിന്റെ ചരിത്രവും കേരള ബ്ലാസ്‌റ്റേഴ്‌സിന് നേരിയ ആശങ്കകൾ നൽകുന്നു. എന്നാൽ ടീമിൽ ശുഭപ്രതീക്ഷ അപ്പോഴും ആരാധകർക്കുണ്ട്.

കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഉദ്ഘാടനമത്സരത്തിലും ഈ രണ്ടു ടീമുകളും തന്നെയാണ് ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽവി നേരിടുകയായിരുന്നു. എന്നാൽ ഇത്തവണ നടക്കാൻ പോകുന്ന മത്സരത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കരുത്തരായ എതിരാളികളെ കീഴടക്കാൻ കൊമ്പന്മാർ ഇറങ്ങുന്നത്. കൊച്ചിയിലെ ആർത്തിരമ്പുന്ന കാണികളുടെ ഇടയിലാണ് മത്സരം നടക്കുകയെന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടി കരുത്ത് നൽകുകയും ചെയ്യും.