നെയ്‌മറുടെ പ്രകടനം മോശമായിരുന്നു, വിമർശനവുമായി ബ്രസീൽ ഇതിഹാസം

സെർബിയയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ നെയ്‌മർക്ക് തിളങ്ങാൻ കഴിഞ്ഞില്ലെന്ന വാദവുമായി ടീമിന്റെ ഇതിഹാസതാരമായ കക്ക. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയെങ്കിലും ടീമിലെ സൂപ്പർതാരമായ നെയ്‌മർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നാണ് കക്ക പറയുന്നത്. അതേസമയം നെയ്‌മറുടെ പരിക്കുമായി ബന്ധപ്പെട്ട ആശങ്കയും താരം പങ്കുവെച്ചു.

അടുത്ത മത്സരത്തിനു മുൻപ് നെയ്‌മർ പരിക്കിൽ നിന്നും മുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകകപ്പ് വിജയം നേടണമെന്ന താരത്തിന്റെ ഉത്തരവാദിത്വത്തിനു അത് പ്രധാനപ്പെട്ട കാര്യമാണെന്നും കക്ക പറഞ്ഞു. ഈ ടൂർണമെന്റ് താരത്തിന് തിളങ്ങാൻ കഴിയുന്ന ഒരു അവസരമാണെന്നും എന്നാൽ സെർബിയക്കെതിരെ പരിക്കു പറ്റുന്നതിനു മുൻപും നെയ്‌മർ തിളങ്ങിയില്ലെന്നും കക്ക പറഞ്ഞു.

മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തു പോയത്. ആംഗിളിനാണ് താരത്തിന് പരിക്കു പറ്റിയത്. ഇതേത്തുടർന്ന് സ്വിറ്റ്സർലണ്ടിനെതിരെ നടക്കുന്ന മത്സരം നെയ്‌മർക്ക് നഷ്‌ടമാകും എന്ന് സ്ഥിരീകരിച്ചു. ഇനി പ്രീ ക്വാർട്ടർ മത്സരത്തിലെ നെയ്‌മർ കളിക്കൂവെന്ന റിപ്പോർട്ടുകളുമുണ്ട്. നെയ്‌മർക്ക് മത്സരം നഷ്‌ടമാകുന്നത് ബ്രസീലിനു തിരിച്ചടിയാണെന്നും കക്ക പറഞ്ഞു.