പരിശീലനത്തിനിറങ്ങാതെ മറ്റൊരു സൂപ്പർതാരം കൂടി, ബ്രസീലിന് ആശങ്ക

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീലിനെ സംബന്ധിച്ച് ആശങ്കയുടെ ദിവസങ്ങളാണ് ഇപ്പോഴുള്ളത്. മത്സരത്തിൽ പരിക്കേറ്റ സൂപ്പർതാരം നെയ്‌മർക്ക് അടുത്ത മത്സരം നഷ്‌ടമാകും എന്ന സ്ഥിരീകരണം വന്നതിനു പുറമെ താരം ഇനി പ്രീ ക്വാർട്ടറിലേ കളിക്കൂവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനു പുറമെ റൈറ്റ് ബാക്കായ ഡാനിലോക്കും അടുത്ത മത്സരം നഷ്‌ടമാകാൻ സാധ്യതയുണ്ട്.

ഇപ്പോൾ മറ്റൊരു താരം കൂടി ഇന്ന് നടന്ന പരിശീലന സെഷനിൽ ഇറങ്ങിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ മത്സരത്തിൽ നെയ്‌മർക്ക് പകരക്കാരനായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണിക്കാണ് ഇന്നു പരിശീലനം നഷ്‌ടമായത്. താരത്തിന് അസുഖമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അടുത്ത മത്സരത്തിൽ താരം ഇറങ്ങുമോയെന്ന കാര്യത്തിൽ ഇതോടെ ആശങ്ക നിലനിൽക്കുന്നുണ്ട്.

അടുത്ത മത്സരത്തിൽ നെയ്‌മർക്ക് പകരക്കാരനായി ബ്രസീൽ ടീമിൽ ഇടം പിടിക്കുമെന്ന് പലരും കരുതുന്ന കളിക്കാരനാണ് ആന്റണി. അതിനാൽ തന്നെ താരത്തിന്റെ അഭാവം ബ്രസീലിനു തിരിച്ചടിയാണ്. എന്നാൽ മുന്നേറ്റനിര സമ്പന്നമായ ബ്രസീൽ ടീമിൽ റോഡ്രിഗോ, മാർട്ടിനെല്ലി, ജീസസ് തുടങ്ങിയ താരങ്ങൾ ഉള്ളതിനാൽ തന്നെ ഇവരെ ഉപയോഗിക്കാൻ ടിറ്റെക്ക് കഴിയും. സ്വിറ്റ്സർലാൻഡിനെയാണ് അടുത്ത മത്സരത്തിൽ ബ്രസീൽ നേരിടാൻ ഒരുങ്ങുന്നത്.