ഒൻപതു താരങ്ങൾ മാത്രമുള്ള ക്ലബ്, മെസിയെ സ്വാഗതം ചെയ്ത് കക്കാ | Lionel Messi
ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് ലയണൽ മെസിയെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. സ്പെയിൻ ദേശീയ ടീമിൽ ചേരാമായിരുന്നിട്ടും ജനിച്ച രാജ്യത്തിനു നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ അർജന്റീനയെ തിരഞ്ഞെടുത്ത മെസിക്ക് പക്ഷെ പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുമ്പോഴും ദേശീയ ടീമിനൊപ്പമുള്ള നേട്ടങ്ങൾ മെസിയിൽ നിന്നും അകന്നു നിന്നിരുന്നു. കോപ്പ അമേരിക്കയിൽ രണ്ടു തവണയും ഒരിക്കൽ ലോകകപ്പിലും ഫൈനലിൽ എത്താൻ അർജന്റീനക്കൊപ്പം മെസിക്ക് കഴിഞ്ഞിരുന്നെങ്കിലും കിരീടം സ്വന്തമാക്കാൻ കഴിയാതിരുന്ന താരം ഒന്നര വർഷത്തിനിടയിൽ ദേശീയ ടീമിനൊപ്പവും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തം പേരിലാക്കി.
2021ലെ കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി കിരീടം, അതിനു ശേഷം ഈ വർഷം ജൂണിൽ നടന്ന യൂറോ കപ്പ് വിജയികളുമായുള്ള ഫൈനലൈസിമ കിരീടത്തിനായുള്ള പോരാട്ടത്തിൽ വിജയം എന്നിവ നേടിയതിനു ശേഷമാണ് ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പും ഉയർത്തിയത്. ടൂർണമെന്റിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന പ്രകടനമാണ് നടത്തിയത്. നേതൃഗുണമില്ലെന്ന വിമർശനങ്ങൾക്ക് കളിക്കളത്തിൽ മറുപടി നൽകിയ താരം ഈ ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിൽ നിരവധി നേട്ടങ്ങളും സ്വന്തമാക്കുകയുണ്ടായി.
ലോകകപ്പിലെ മികച്ച പ്രകടനം ഫുട്ബോളിലെ ട്രിപ്പിൾ ക്രൗൺ ക്ലബിലും ലയണൽ മെസിക്ക് ഇടം നൽകുകയുണ്ടായി. ചാമ്പ്യൻസ് ലീഗ്, ലോകകപ്പ്, ബാലൺ ഡി ഓർ എന്നീ നേട്ടങ്ങൾ ഒരു തവണയെങ്കിലും നേടിയ താരങ്ങളാണ് ട്രിപ്പിൾ ക്രൗൺ ക്ലബിലെ അംഗങ്ങളായി വിലയിരുത്തപ്പെടുന്നത്. നാല് ചാമ്പ്യൻസ് ലീഗുകളും ഏഴു ബാലൺ ഡി ഓറും നേരത്തെ തന്നെ സ്വന്തമാക്കിയ മെസി ലോകകപ്പിലെ വിജയത്തോടെ ഈ ക്ലബിലും ഇടം പിടിച്ചു. ക്ലബിലെ ഒരു പ്രധാന അംഗവും ബ്രസീലിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ കക്ക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മെസിക്ക് സ്വാഗതം ആശംസിക്കുകയുണ്ടായി. “ക്ലബ്ബിലേക്ക് സ്വാഗതം ലിയോ” എന്നാണ് മുൻ എസി മിലാൻ താരം കുറിച്ചത്.
Brazil legend Kaka welcomes Lionel Messi to elite 'Triple Crown' club https://t.co/JLJnQ5LB4X
— MailOnline Sport (@MailSport) December 31, 2022
ലയണൽ മെസിയടക്കം വെറും ഒൻപത് താരങ്ങൾ മാത്രമാണ് ഈ മൂന്നു നേട്ടങ്ങൽ ഫുട്ബോൾ ലോകത്ത് കൈവരിച്ചിട്ടുള്ളത്. അർജന്റീന ഇതിഹാസമായ മറഡോണ, ബ്രസീലിയൻ റൊണാൾഡോ എന്നിവരൊന്നും ട്രിപ്പിൾ ക്രൗൺ ക്ലബിന്റെ ഭാഗമല്ല. ഇംഗ്ലീഷ് താരമായിരുന്ന ബോബി ചാൾട്ടൻ, ജർമനിയുടെ താരങ്ങളായ ഫ്രാൻസ് ബെക്കൻബോവർ, യെർദ് മുള്ളർ, ഇറ്റാലിയൻ ഇതിഹാസം പാവോളോ റോസി, ഫ്രാൻസ് കണ്ട എക്കാലത്തെയും മികച്ച താരം സിനദിൻ സിദാൻ, ബ്രസീലിയൻ താരങ്ങളായ റിവാൾഡോ, റൊണാൾഡീന്യോ എന്നിവരാണ് മെസിക്കും കക്കക്കും പുറമെ ഈ ക്ലബിന്റെ ഭാഗമായുള്ളത്.
ഈ താരങ്ങളെല്ലാം ഒരൊറ്റ ലോകകപ്പ് മാത്രം നേടിയവരാണ്. ഇവരെ അപേക്ഷിച്ച് ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നിവയുടെ എണ്ണത്തിൽ ലയണൽ മെസി ബഹുദൂരം മുന്നിൽ നിൽക്കുന്നു. ഈ ലിസ്റ്റിൽ ഒന്നിലധികം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ളത് രണ്ടു താരങ്ങളാണ്. ബെക്കൻബോവറും മുള്ളറും. രണ്ടു പേരും മൂന്നു ചാമ്പ്യൻസ് ലീഗ് ഉയർത്തിയപ്പോൾ മെസിക്ക് നാല് ചാമ്പ്യൻസ് ലീഗുണ്ട്. ബെക്കൻബോവർ മാത്രം രണ്ടു ബാലൺ ഡി ഓർ നേടിയപ്പോൾ ലയണൽ മെസിക്കാത് ഏഴെണ്ണമാണ് സ്വന്തം പേരിലുള്ളത്. അടുത്ത വർഷം ചിലപ്പോൾ എട്ടാമത്തെ ബാലൺ ഡി ഓറും താരം സ്വന്തമാക്കും.