നെയ്‌മറും മെസിയുമില്ലാത്ത കളിയിൽ നിശബ്‌ദനായി എംബാപ്പെ, പുതുവർഷത്തിൽ തോൽവി നേരിട്ട് പിഎസ്‌ജി

പുതുവർഷത്തിൽ നടന്ന ആദ്യത്തെ മത്സരത്തിൽ പിഎസ്‌ജിക്ക് തോൽവി. ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെൻസാണ് പിഎസ്‌ജിയെ കീഴടക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്‌ജിയുടെ തോൽവി. ഈ സീസണിൽ ആദ്യമായാണ് ഏതെങ്കിലും ഒരു മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുന്നത്. ലയണൽ മെസിയും നെയ്‌മറും ഇല്ലാതെയിറങ്ങിയ പിഎസ്‌ജിക്കെതിരെ ഫ്രാങ്കോവ്സ്ക്കി, ഓപ്പൺഡ, മൗറിസ് എന്നിവർ ലെൻസിനായി ഗോളുകൾ നേടിയപ്പോൾ പിഎസ്‌ജിയുടെ ആശ്വാസഗോൾ എകിറ്റിക്കെയാണ് നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസി ഇപ്പോഴും ക്ലബ്ബിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഡൈവിങ്ങിനു ചുവപ്പുകാർഡ് കണ്ട നെയ്‌മർക്കും ഇന്നത്തെ മത്സരം നഷ്‌ടമായിരുന്നു. ഇവർ രണ്ടു പേരുമില്ലാത്തത് പിഎസ്‌ജി മുന്നേറ്റനിരയുടെ മൂർച്ച കുറച്ചപ്പോൾ കൃത്യമായി തിരിച്ചടിച്ചാണ് ലെൻസ് സ്വന്തം മൈതാനത്ത് വിജയം നേടിയത്. ലയണൽ മെസിയുടെയും നെയ്‌മറിന്റെയും അഭാവത്തിൽ ലോകകപ്പിൽ ഹീറോയായ എംബാപ്പെക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അഞ്ചാം മിനുട്ടിൽ തന്നെ പിഎസ്‌ജിയെ ഞെട്ടിച്ച് ഫ്രാങ്കോവ്സ്ക്കി ലെൻസിനെ മുന്നിലെത്തിച്ചു. മൂന്നു മിനുട്ടിനകം തന്നെ എകിറ്റികെയിലൂടെ സമനില ഗോൾ നേടി പിഎസ്‌ജി തിരിച്ചു വരുമെന്ന പ്രതീക്ഷകൾ നൽകിയെങ്കിലും അതിനധികം ആയുണ്ടായിരുന്നില്ല. ഇരുപത്തിയെട്ടാം മിനുട്ടിൽ ഓപ്പൻഡ ലെൻസിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഓപ്പൺഡയുടെ പാസിൽ അലക്‌സിസ് ക്ലൗഡി മൗറിസ് കൂടി ഗോൾവല കുലുക്കിയതോടെ മത്സരത്തിൽ നിന്നും പിഎസ്‌ജി ഇല്ലാതായി. പിന്നീട് തിരിച്ചു വരാനുള്ള ശ്രമങ്ങൾ അവർ നടത്തിയെങ്കിലും അതൊന്നും ഫലമുണ്ടായില്ല. പോയിന്റ് ടേബിളിൽ പിഎസ്‌ജിക്ക് കൂടുതൽ ഭീഷണി നൽകിയാണ് ലെൻസ് വിജയം നേടിയത്.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ പിഎസ്‌ജി തന്നെയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പതിനേഴു മത്സരങ്ങളിൽ നിന്നും 44 പോയിന്റാണ് ടീമിനുള്ളത്. അതേസമയം പതിനേഴു മത്സരങ്ങൾ കളിച്ച് 40 പോയിന്റ് നേടിയ ലെൻസ് അവർക്കു തൊട്ടുപിന്നാലെ തന്നെ കുതിക്കുന്നു. ഫ്രഞ്ച് ലീഗിൽ മറ്റുള്ളവരെ അപേക്ഷിച്ച് പിഎസ്‌ജി വളരെ കരുത്തുറ്റവരാണെങ്കിലും ഓരോ സീസണിലും അവർക്ക് ഭീഷണിയായി ടീമുകൾ ഉയർന്നു വരാറുണ്ട്. അതേസമയം ലയണൽ മെസി അടുത്ത ദിവസം തന്നെ പിഎസ്‌ജിയിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് കപ്പിൽ ഷാറ്റ്യുറോക്‌സിനെതിരേ നടക്കുന്ന മത്സരത്തിൽ നെയ്‌മറും മെസിയും കളിച്ചേക്കും.