റൊണാൾഡോയുടെ പുതിയ പരിശീലകൻ മെസി ആരാധകൻ, മെസിയെ കൊണ്ടുവരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് റൂഡി ഗാർസിയ

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചാണ് സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ രണ്ടാമത്തെ ടോപ് സ്കോററായ താരം ആഗോളതലത്തിൽ അത്രയൊന്നും പ്രശസ്‌തമല്ലാത്ത ഒരു ലീഗിലേക്കും ക്ലബിലേക്കും ചേക്കേറുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ വമ്പൻ തുക വാരിയെറിഞ്ഞാണ് റൊണാൾഡോയെ എൽ നസ്ർ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇതോടെ ഫുട്ബോൾ ലോകത്തു തന്നെ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറും.

അതേസമയം റൊണാൾഡോ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒട്ടും ഇഷ്‌ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു പ്രതികരണമാണ് അദ്ദേഹം നടത്തിയത്. “എനിക്ക് മെസിയെ ആദ്യം എത്തിക്കണം എന്നായിരുന്നു ആഗ്രഹം.” റൊണാൾഡോ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം തമാശരൂപത്തിൽ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. ഖത്തറിൽ നടന്ന ലോകകപ്പിൽ കളിച്ച മെസിയെ അതിനു ശേഷം സൗദിയിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്.

ഫ്രഞ്ച് സ്വദേശിയായ റൂഡി ഗാർസിയ 1994 മുതൽ തന്നെ മാനേജരായി കരിയർ ആരംഭിച്ച വ്യക്തിയാണ്. ഫ്രഞ്ച് ലീഗിൽ ലില്ലെ. മാഴ്‌സ, ലിയോൺ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ഇറ്റാലിയൻ ലീഗിൽ റോമയുടെയും പരിശീലകനായിരുന്നു. ലില്ലെക്കൊപ്പം 2010-11 സീസണിൽ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും എടുത്തിട്ടുള്ള അദ്ദേഹം ആ സീസണിൽ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-18 സീസണിൽ മാഴ്‌സയെ യൂറോപ്പ ലീഗ് ഫൈനൽ വരെയെത്തിച്ച റൂഡി ഗാർസിയ 2011, 2013, 2014 വർഷങ്ങളിൽ ഫ്രഞ്ച് മാനേജർ ഓഫ് ദി ഇയർ പുരസ്‌കാരവും സ്വന്തമാക്കി.

നിലവിൽ സൗദി ലീഗിൽ അൽ നസ്ർ ഒന്നാം സ്ഥാനത്താണെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ ഓരോ മത്സരം കുറവാണ് കളിച്ചിരിക്കുന്നത് എന്നതിനാൽ അവർക്ക് മുന്നിലെത്താനുള്ള അവസരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ ടീമിന് ഈ സീസണിൽ കിരീടം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. റൊണാൾഡോക്കു പുറമെ സെർജിയോ റാമോസ്, എൻഗോളോ കാന്റെ എന്നീ താരങ്ങളെയും സ്വന്തമാക്കാൻ ശ്രമിക്കുന്ന അൽ നസ്ർ ലയണൽ മെസി യൂറോപ്പ് വിടുമ്പോൾ താരത്തിനായി ശ്രമം നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.