റഫറിമാർ മാത്രമല്ല, ആരാധകരും പരിശീലകരും ചിലത് പഠിക്കേണ്ടതുണ്ട്; ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെതിരെ ഒളിയമ്പുമായി കല്യാൺ ചൗബേ | Kalyan Chaubey

ഇന്ത്യൻ സൂപ്പർ ലീഗിൽ സ്ഥിരമായി റഫറിയിങ് പിഴവുകൾ വരുന്നത് വിലയിരുത്താനും അതിൽ പരിഹാരം കാണാനും കഴിഞ്ഞ ദിവസം നടന്ന യോഗത്തിനു ശേഷം എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. റഫറിയിങ് പിഴവുകൾ ഐഎസ്എല്ലിൽ ഉണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ അതിനെതിരെ പ്രതികരിക്കുന്ന ആരാധകരെ പരോക്ഷമായി വിമർശിക്കുകയും ചെയ്‌തു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, റഫറിമാരുടെ കമ്മിറ്റി എന്നിവയിലെ ചില അംഗങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് കമ്മീഷണർമാർ, റഫറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ക്ലബുകളുടെ പരാതികളും റഫറിമാരുടെ പിഴവുകളുടെ വീഡിയോ ദൃശ്യങ്ങളും യോഗ്യത്തിൽ പരിശോധിച്ചിരുന്നു. നിരവധി മത്സരങ്ങളിൽ റഫറിയിങ് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് അതിനു ശേഷം കല്യാൺ ചൗബേ സ്ഥിരീകരിക്കുകയുണ്ടായി.

അതേസമയം റഫറിമാരുടെ പിഴവുകൾ ഒരു യാഥാർഥ്യമാണെന്ന് സമ്മതിച്ചതിനൊപ്പം അതിനെതിരെ ആരാധകർ ഉയർത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന രീതിയിലാണ് കല്യാൺ ചൗബേ സംസാരിച്ചത്. റഫറിമാർ മാത്രമല്ല, ആരാധകരും ക്ലബ് ഒഫീഷ്യൽസും പലതും മനസിലാക്കണമെന്നും പല വിമർശനങ്ങളും റഫറിമാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ശരിയായ രീതിയിൽ മനസിലാകാത്തതു കൊണ്ട് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലബുകൾ ഇക്കാര്യങ്ങൾ ആരാധകരെ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മാനുഷികമായ പിഴവുകൾ മാത്രമല്ല മത്സരങ്ങളിൽ സംഭവിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. പലപ്പോഴും പിഴവുകൾ വലിയ അളവിലേക്ക് പോകുന്നുണ്ടെന്നും അത് ലീഗിനെയും കളിക്കാരെയും ക്ലബുകളെയും വളരെ മോശമായ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ യോഗത്തിൽ വിലയിരുത്തിയ കാര്യങ്ങളിൽ ഒരു തുടർച്ചയുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്. കലിംഗ സൂപ്പർ കപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ടു മറ്റൊരു യോഗം കൂടി കല്യാൺ ചൗബേയുടെ അധ്യക്ഷതയിൽ ചേരും. അതേസമയം ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം യാതൊന്നും പറഞ്ഞില്ല.

Kalyan Chaubey Says Clubs To Educate Fans And Officials