ഏഴു മിനുട്ടിൽ മൂന്നു ഗോളടിച്ച് ബെൻസിമ, ഹാട്രിക്ക് ഗോൾ ബൈസിക്കിൾ കിക്കിലൂടെ | Karim Benzema

കഴിഞ്ഞ സീസണിൽ അതിഗംഭീര പ്രകടനം നടത്തി റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി നൽകിയ കരിം ബെൻസിമ ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലായിരുന്നു. നിരന്തരം പരിക്കുകൾ പറ്റിയതാണ് ഫ്രഞ്ച് താരത്തിന് തിരിച്ചടി നൽകിയത്. പരിക്കു കാരണം ഖത്തർ ലോകകപ്പിൽ ഫ്രാൻസിനൊപ്പം ഒരു മത്സരം പോലും കളിക്കാൻ താരത്തിന് കഴിഞ്ഞുമില്ല.

എന്നാൽ പരിക്കിന്റെ പ്രശ്‌നങ്ങളില്ലെങ്കിൽ ഏറ്റവും മികച്ച പ്രകടനം ഇപ്പോഴും തനിക്ക് നടത്താൻ കഴിയുമെന്ന് ഇന്നലെ റയൽ വയ്യഡോളിഡിനെതിരെ നടന്ന മത്സരത്തിൽ താരം തെളിയിച്ചു. എതിരില്ലാത്ത ആറു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിൽ ബെൻസിമ ഹാട്രിക്ക് നേടിയപ്പോൾ റോഡ്രിഗോ, അസെൻസിയോ, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

വെറും ഏഴു മിനുട്ടിലാണ് ബെൻസിമ മൂന്നു ഗോളുകൾ നേടിയത്. ഇരുപത്തിരണ്ടാം മിനുട്ടിൽ റോഡ്രിഗോ ആദ്യ ഗോൾ നേടിയതിനു ശേഷമുള്ള റയൽ മാഡ്രിഡിന്റെ മൂന്നു ഗോളുകൾ ബെൻസിമയാണ് നേടിയത്. ഇരുപത്തിയൊമ്പതാം മിനുട്ടിൽ തന്റെ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം മുപ്പത്തിരണ്ടാം മിനുട്ടിലും മുപ്പത്തിയാറാം മിനുട്ടിലും അടുത്ത ഗോളുകൾ കുറിച്ചു.

ബെൻസിമയുടെ ഹാട്രിക്ക് ഗോൾ താരത്തിന്റെ പ്രതിഭ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. വിങ്ങിൽ നിന്നും വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസ് ഒരു ഓവർ ഹെഡ് കിക്കിലൂടെ വലയിലെത്തിച്ചാണ് താരം ഹാട്രിക്ക് നേടിയത്. പരിക്കിന്റെ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ ഏറ്റവും മികച്ച പ്രകടനം തനിക്ക് കളിക്കളത്തിൽ റയലിന് വേണ്ടി ഇനിയും നൽകാൻ കഴിയുമെന്ന് താരം തെളിയിച്ചു.

കോപ്പ ഡെൽ റേ സെമിയിൽ എൽ ക്ലാസിക്കോ മത്സരം വരാനിരിക്കെ ബെൻസിമ നടത്തിയ പ്രകടനം ബാഴ്‌സലോണക്ക് ഒരു മുന്നറിയിപ്പാണ്. ഈ സീസണിൽ ലീഗിൽ കിരീടപ്രതീക്ഷ കുറവാണെങ്കിലും കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ റയൽ മാഡ്രിഡിന് കിരീടം നേടിക്കൊടുക്കാൻ തനിക്ക് കഴിയുമെന്ന് ഫ്രഞ്ച് താരം ഒരിക്കൽക്കൂടി തെളിയിച്ച മത്സരമായിരുന്നു ഇന്നലത്തേത്.

Content Highlights: Karim Benzema Bicycle Kick Goal Against Real Valladolid