നിലപാടിൽ മാറ്റം വരുത്തി ഇവാനും ബ്ലാസ്റ്റേഴ്‌സും ക്ഷമ ചോദിച്ചതിനു പിന്നിലെ കാരണമിതാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളുടെ പേരിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി എടുത്തിരുന്നു. ബ്ലാസ്റ്റേഴ്‌സിനുള്ള പിഴക്കും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനുള്ള വിലക്കിനും പുറമെ രണ്ടു പേരും മാപ്പ് പറയണമെന്നും നടപടിയിൽ ഉണ്ടായിരുന്നു.

മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴയായി ലഭിക്കുന്ന തുക വർധിക്കുമെന്നിരിക്കെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാനും ക്ഷമാപണം നടത്തിയിരുന്നു. ഔദ്യോഗിക പേജുകളിലൂടെ പുറത്തു വിട്ട പ്രസ്താവനയിലൂടെയാണ് ഇവർ ക്ഷമാപണം നടത്തിയത്. ആദ്യം ഇരുവരും ക്ഷമാപണം നടത്തില്ലെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അതിൽ നിന്നും മാറ്റം വന്നു.

ക്ഷമാപണം നടത്തുന്നതിന് പകരം അപ്പീൽ പോകണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആലോചിച്ചു കൊണ്ടിരുന്നത്. എന്നാൽ അപ്പീൽ നൽകിയാലും ഇപ്പോൾ അത് പരിഗണിക്കില്ലെന്ന നിലപാടാണ് എഐഎഫ്എഫ് നേതൃത്വം കൈക്കൊണ്ടത്. ഏതാനും ദിവസങ്ങൾക്കു ശേഷം സൂപ്പർകപ്പ് നടക്കാനിരിക്കെ അതിനു ശേഷമേ ഇവർ ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ പരിഗണിക്കുകയുണ്ടാവുകയുള്ളൂ.

അപ്പീൽ ഇപ്പോൾ നൽകിയാലും അത് പരിഗണിക്കില്ലെന്നതു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് അതുമായി മുന്നോട്ടു പോകാതിരുന്നത്. കൂടുതൽ കുഴപ്പങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കേണ്ടെന്നു കരുതിയും ബ്ലാസ്റ്റേഴ്‌സും ഇവാനും ക്ഷമാപണം നടത്താൻ തീരുമാനിച്ചു. ഇതോടെ ദിവസങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന സൂപ്പർകപ്പിൽ ടീമിന്റെ പരിശീലകനായി ഇവാൻ ഉണ്ടാകില്ലെന്നുറപ്പായി.

പത്ത് മത്സരങ്ങളിലാണ് ഇവാന് വിലക്ക് വന്നിരിക്കുന്നത്. സൂപ്പർകപ്പിൽ ഇവാൻ ഉണ്ടാകില്ലെന്നിരിക്കെ സഹപരിശീലകനാവും ചുമതല. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം നടത്തിയാൽ അടുത്ത ഐഎസ്എൽ സീസണിന് മുന്നോടിയായി വിലക്കുള്ള മത്സരങ്ങളുടെ എണ്ണം ഗണ്യമായി കുറക്കാൻ ടീമിന് കഴിയും. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാൻ തന്നെയാവും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

Content Highlights: Why Ivan Vukomanovic And Kerala Blasters Apologized