മോശം ഫോമിലും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് കുറഞ്ഞിട്ടില്ല, റൊണാൾഡോയുടെ അൽ നസ്റിനു വലിയ ഇടിവ് | Kerala Blasters

ഏപ്രിൽ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഇന്ററാക്ഷൻസ് നടന്ന ഏഷ്യൻ ഫുട്ബോൾ ക്ലബിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. റൊണാൾഡോ കളിക്കുന്ന അൽ നസ്ർ, നെയ്‌മർ അടക്കമുള്ള താരനിരയുള്ള അൽ ഹിലാൽ എന്നീ സൗദി അറേബ്യൻ ക്ലബുകൾക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസിന്റെ കാര്യത്തിൽ നിൽക്കുന്നത്.

ഏപ്രിൽ മാസത്തിൽ അൽ നസ്ർ എഫ്‌സിയുമായി ബന്ധപ്പെട്ട് 48.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്നപ്പോൾ അൽ ഹിലാലുമായി ബന്ധപ്പെട്ട് 22.1 മില്യൺ ഇന്ററാക്ഷനാണ് നടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് 17.4 മില്യൺ ഇന്ററാക്ഷണാനുണ്ടായത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഈ ലിസ്റ്റിൽ നിരവധി തവണ രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ ടീം പുറത്തായതാണ് ഇന്ററാക്ഷൻസിൽ ഇടിവ് വരാൻ കാരണമായതെന്നാണ് കരുതേണ്ടത്. എങ്കിലും വലിയ മാറ്റമൊന്നും ആകെ ഇന്ററാക്ഷൻസിൽ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഏഷ്യയിൽ മൂന്നാം സ്ഥാനത്ത് എത്തുകയെന്നത് വലിയ നേട്ടം തന്നെയാണ്. പ്രത്യേകിച്ചും നിരവധി വമ്പൻ താരങ്ങൾ ഏഷ്യയിലെ വിവിധ ലീഗുകളിൽ കളിക്കുന്നതും കണക്കിലെടുക്കുമ്പോൾ.

ഈ സീസണിലെ സൗദി പ്രൊ ലീഗ് കിരീടം നേടിയതാണ് അൽ ഹിലാലിനു കുതിപ്പുണ്ടാക്കിയത്. പലപ്പോഴും മൂന്നാം സ്ഥാനത്തു വന്നിരുന്ന ടീമിനു കിരീടനേട്ടം ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാൻ സഹായിച്ചു. അതേസമയം അൽ നസ്റിന്റെ കണക്കുകളിൽ വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. നൂറു മില്യനോളം ഇന്ററാക്ഷൻസ് ഉണ്ടായിരുന്ന ടീമിന് അത് പകുതിയായി കുറഞ്ഞു.

ഈ സീസണിൽ കിരീടസാധ്യതയൊന്നും ഇല്ലാതായതാണ് അൽ നസ്റിന് തിരിച്ചടി നൽകിയതെന്നാണ് അനുമാനിക്കേണ്ടത്. റൊണാൾഡോ വന്നതിനു ശേഷം ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇത്രയും വർഷങ്ങളായി ഒരു കിരീടം പോലുമില്ലാഞ്ഞിട്ടും ടീമിന് പിന്തുണ നൽകുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ കയ്യടി അർഹിക്കുന്നു.

Kerala Blasters 3rd In Instagram Interactions