“നാറുന്ന എലി”; ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയാധിക്ഷേപവുമായി ബെംഗളൂരു താരം, പ്രതിഷേധം ശക്തമാകുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ലെസ്‌കോവിച്ച്, ദിമിത്രിയോസ് തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനായി ഇറങ്ങിയതെങ്കിലും എതിരാളികൾക്ക് പഴുതുകളൊന്നും നൽകാതെ മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞുവെന്നതിൽ ആരാധകർക്ക് സന്തോഷമുണ്ട്.

അതേസമയം മത്സരത്തിലുണ്ടായ ഒരു സംഭവം അതിനു ശേഷം വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരം എൺപത്തിരണ്ടാം മിനുട്ടിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം ഐബാൻ ഡോഹ്‌ലിങ്ങും ബെംഗളൂരു മുന്നേറ്റനിര താരം റയാൻ വില്യംസും തമ്മിൽ ചെറിയൊരു ഉരസൽ നടന്നിരുന്നു. ഐബാൻ കയർക്കുന്നതിനിടയിൽ തന്റെ മൂക്ക് പൊത്തിപ്പിടിച്ചാണ് റയാൻ വില്യംസ് അതിനോട് പ്രതികരിച്ചത്. ഇത് വംശീയപരമായ അധിക്ഷേപമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

വെള്ളക്കാരായവർ ആഫ്രിക്കൻ, സൗത്ത് ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന വാക്കാണ് “സ്മെല്ലിങ് റാറ്റ്” എന്നത്. ഈ വാക്കു വിളിക്കുന്നതു പോലെ തന്നെയാണ് മൂക്ക് പൊത്തിപ്പിടിക്കുന്ന ആംഗ്യവും. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന്റെ പേരിൽ പല താരങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താരങ്ങൾക്ക് നിരവധി മത്സരങ്ങളിൽ വിലക്ക് വരെ ലഭിച്ച സംഭാവമുണ്ടായിട്ടുണ്ട്. എന്നാൽ ഇന്നലെ നടന്ന സംഭവത്തിൽ റഫറി ഒരു മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട ആരാധകക്കൂട്ടമായ മഞ്ഞപ്പട സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്‌ത അവർ വംശീയാധിക്ഷേപം അവിടെയും എതിർക്കപ്പെടേണ്ട ഒന്നാണെന്നും റയാൻ വില്യംസിനെതിരെ നടപടി സ്വീകരിക്കാൻ ആരാധകർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവികളെ ടാഗ് ചെയ്‌താണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

റയാൻ വില്യംസിന്റെ പ്രവൃത്തിക്കെതിരെ പരാതി നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപ്പെടുമെന്നും മഞ്ഞപ്പട അറിയിച്ചു. സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഐബനോ കേരള ബ്ലാസ്റ്റേഴ്‌സ് ടീമോ ഇതുവരെ യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. ആരാധകരുടെ പ്രതിഷേധം ഉയർന്നാൽ സംഭവത്തിൽ പ്രതികരിക്കേണ്ട സാഹചര്യം ഇവർക്കുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

Kerala Blasters Aiban Dohling Got Racist Gesture From Rayan Williams