“ലോകകപ്പ് നേടിയ ഇരുപത്തിയഞ്ചു താരങ്ങളിൽ ക്ലബ് ആദരിക്കാത്ത ഒരേയൊരു താരം ഞാനാണ്”- പിഎസ്‌ജിക്കെതിരെ ലയണൽ മെസി | Messi

ഖത്തർ ലോകകപ്പിലെ കിരീടനേട്ടം ലയണൽ മെസിയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കരിയറിൽ എല്ലാ നേട്ടങ്ങളും വെട്ടിപ്പിടിച്ചിട്ടുള്ള ലയണൽ മെസി ഒരിക്കൽ ലോകകപ്പ് കിരീടനേട്ടത്തിന്റെ തൊട്ടരികിൽ എത്തിയിട്ടും നേടാൻ കഴിയാതെ വേദനിച്ച് തല കുനിച്ച് നിൽക്കേണ്ടി വന്നിട്ടുള്ള താരമാണ്. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് കിരീടം സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതിയിലേക്ക് ലയണൽ മെസി നടന്നു കയറി.

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ തുടർച്ചയായ രണ്ടാം കിരീടമെന്ന മോഹവുമായി വന്ന ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ തിരിച്ച് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കെത്തിയ ലയണൽ മെസിക്ക് നല്ല അനുഭവങ്ങളല്ല അവിടെ നിന്നും നേരിടേണ്ടി വന്നത്. മെസിക്ക് നല്ല രീതിയിൽ ഒരു ആദരവ് നൽകാൻ പോലും പിഎസ്‌ജി തയ്യാറായില്ല. അതിനു പുറമെ പിഎസ്‌ജി ആരാധകരിൽ നിന്നും പലപ്പോഴും അധിക്ഷേപങ്ങളും ഏറ്റു വാങ്ങേണ്ട സാഹചര്യവും മെസിക്കുണ്ടായി.

ലോകകപ്പ് നേട്ടത്തിനു ശേഷം തന്റെ ക്ലബായ പിഎസ്‌ജി പുലർത്തിയ സമീപനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ ലയണൽ മെസി പറയുകയുണ്ടായി. “ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ഇരുപത്തിയഞ്ചു താരങ്ങളിൽ ക്ലബിൽ നിന്നും യാതൊരു ആദരവും ലഭിക്കാതിരുന്ന ഒരേയൊരു താരം ഞാൻ മാത്രമാണ്. എന്നാൽ അതെനിക്ക് മനസിലാക്കാൻ കഴിയുന്നതായിരുന്നു. അർജന്റീന കാരണമാണ് ഫ്രാൻസിന് ലോകകപ്പ് വീണ്ടും സ്വന്തമാക്കാൻ കഴിയാതിരുന്നത്.” ലയണൽ മെസി പറഞ്ഞു.

പിഎസ്‌ജിയിലേക്ക് ചേക്കേറിയ തീരുമാനം തെറ്റായിരുന്നുവെന്ന തോന്നലുണ്ടോയെന്ന ചോദ്യത്തിന് മെസിയുടെ മറുപടി ഇങ്ങിനെയായിരുന്നു. അതങ്ങിനെ സംഭവിച്ചു പോയ കാര്യമാണ്. ഞാൻ പ്രതീക്ഷിച്ച കാര്യമല്ല ആ സമയത്ത് സംഭവിച്ചത്, എന്നാൽ ഞാനെല്ലായിപ്പൊഴും പറയുന്നതു പോലെ ഓരോ കാര്യങ്ങളും സംഭവിക്കുന്നതിനു കാരണങ്ങളുണ്ട്. ഞാനവിടെ അത്ര സുഖത്തിലല്ലായിരുന്നെങ്കിലും അവിടെ കളിക്കുന്ന സമയത്താണ് ഞാനൊരു ലോകചാമ്പ്യനായതെന്ന പ്രത്യേകതയുണ്ട്.” മെസി വ്യക്തമാക്കി.

ഖത്തർ ലോകകപ്പിന് ശേഷം മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ക്ലബ്ബിന്റെയും ആരാധകരുടെയും സമീപനം കാരണം താരം തന്നെ അതിൽ നിന്നും പിൻമാറി. കരാർ പൂർത്തിയായതോടെ യൂറോപ്പ് വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറി. ഇന്റർ മിയാമിക്കൊപ്പം 2025 വരെ കരാറൊപ്പിട്ട താരം മികച്ച പ്രകടനമാണ് നടത്തുന്നത്. ടീമിലെത്തിയതിനു ശേഷം ഒരു കിരീടം സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

Messi Says PSG Never Honoured Him For World Cup Win