
നായകനു വേണ്ടി വല വിരിച്ച് വമ്പൻ ടീമുകൾ, ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും താരങ്ങൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ നിരാശപ്പെടുത്തുന്ന രീതിയിലാണ് കഴിഞ്ഞതെങ്കിലും അതിനെ മറികടക്കാനുള്ള പദ്ധതികളാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് നടത്തുന്നത്. ഈ സീസണിലെ ടീമിന്റെ പ്രകടനത്തിൽ തനിക്ക് തൃപ്തിപെടാൻ കഴിയില്ലെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്കിൻകിസ് തന്നെ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം വരുന്ന അഭ്യൂഹങ്ങൾ അദ്ദേഹം ടീമിൽ അഴിച്ചുപണി നടത്തുന്നതിന്റെ തെളിവുകളാണ്.
ഏറ്റവുമാദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ ടീമിലെ റൈറ്റ് ബാക്കായിരുന്ന ഖബ്ര ക്ലബ് വിട്ടു പോകുമെന്നതാണ്. സൂപ്പർകപ്പിനുള്ള ടീമിൽ ഉൾപ്പെടാതിരുന്ന അദ്ദേഹം ടീമിലെ താരങ്ങളോടെല്ലാം യാത്ര പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടു സീസണുകളായി ടീമിനൊപ്പമുണ്ടായിരുന്ന താരത്തിനു ഈ സീസണിൽ പരിക്കിന്റെ പ്രശ്നങ്ങൾ കൂടുതലായിരുന്നു. അതുകൂടി കണക്കിലെടുത്താണ് കരാർ പുതുക്കുന്നില്ലെന്ന തീരുമാനം ടീം എടുത്തതെന്നാണ് കരുതേണ്ടത്.
— Blasters Zone (@BlastersZone) April 4, 2023
| Jessel Carneiro won't get a contract renewal. Super Cup will be the last tournament for Jessel with Kerala Blasters. @RM_madridbabe#KeralaBlasters pic.twitter.com/A7njEKyk8w
അതിനു പുറമെ ടീം വിടാൻ പോകുന്ന മറ്റൊരു താരം ജെസ്സൽ കാർനെയ്റോയാണ്. ടീമിന്റെ നായകനാണെങ്കിലും പരിക്കും മോശം ഫോമും ജെസ്സലിനു തിരിച്ചടി നൽകി. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ രണ്ടു വമ്പൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. ഈ സീസണിലെ ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നീ ടീമുകളാണ് താരത്തിനായി രംഗത്ത് വന്നിരിക്കുന്നത്.
ടീം വിടുന്ന താരങ്ങൾക്ക് പകരക്കാരായും മികച്ച കളിക്കാരെ എത്തിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. എസ്ഡിയുടെ പദ്ധതികൾ പ്രകാരം അദ്ദേഹം നോട്ടമിടുന്നത് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും മികച്ച താരങ്ങളെയാണ്. കഴിഞ്ഞ സീസണുകളിൽ എത്തിച്ച ലാറ്റിനമേരിക്കൻ താരങ്ങളായ പെരേര, ലൂണ എന്നിവർ മികച്ച പ്രകടനം നടത്തിയത് ആ മേഖലയിലേക്ക് കൂടുതൽ ചായ്വ് വരാനുള്ള കാരണമായിട്ടുണ്ട്.
നിലവിൽ സൂപ്പർകപ്പിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആദ്യത്തെ മത്സരത്തിൽ വിജയം നേടി ടൂർണമെന്റിലെ തുടക്കം ടീം ഗംഭീരമാക്കിയിട്ടുണ്ട്. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന തരത്തിൽ ടീമിലെ താരങ്ങളെ ഒരുക്കാനും ഇതുവഴി കഴിയും.
Content Highlights: Kerala Blasters Aims Players From Europe And South America