ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്റ്റ്, വിമർശനങ്ങളിൽ യു ടേണടിച്ച് അൽ നസ്ർ ഇതിഹാസം | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി സൂപ്പർ ലീഗിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പിൽ മികച്ച പ്രകടനം നടത്തിയ താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് അവിടം വിട്ടത്. റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിൽ തന്നെ തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ലോകകപ്പിന് പിന്നാലെ താരം സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത് അൽ നസ്ർ ആരാധകരുടെ ആവേശം ഉയർത്തിയ സംഭവമായിരുന്നു. തന്നിലുള്ള പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിയുന്നുമുണ്ട്. ഫുട്ബോളിലെ വമ്പൻ സ്റ്റേജുകളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം അൽ നസ്‌റിനൊപ്പവും അതാവർത്തിക്കുന്നുണ്ട്. ജനുവരിയിൽ എത്തിയ താരം ഇപ്പോൾ സൗദി ലീഗിലെ ടോപ് സ്കോറർമാരിൽ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന ഒരാളാണ്.

തന്റെ പ്രകടനം കൊണ്ട് തനിക്കെതിരായ വിമർശനങ്ങളെ പോലും റൊണാൾഡോ ഇല്ലാതാക്കുന്നുണ്ട്. റൊണാൾഡോ അൽ നസ്‌റിൽ എത്തിയ സമയത്ത് ക്ലബിന്റെ ഇതിഹാസതാരം ഹുസ്സൈൻ അബ്‌ദുൽഘാനി അതിനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു. റൊണാൾഡോയെ ഒരു തരത്തിലും അൽ നസ്റിന് ഉപയോഗപ്പെടില്ല എന്നു പറഞ്ഞ അദ്ദേഹം താരത്തിന്റെ ഇപ്പോഴത്തെ നിലവാരം വളരെയധികം മോശമാണെന്നും വെളിപ്പെടുത്തിയിരുന്നു.

റൊണാൾഡോ ക്ലബ്ബിലേക്ക് എത്തിയതിനു ശേഷവും ഈ വിമർശനങ്ങൾ അദ്ദേഹം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം ഇതിനു നേരെ വിപരീതമായ ഒന്നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ മഹത്തായ ഒരു താരമാണ് എന്നും താരത്തിന്റെ ആവേശം നഷ്‌ടമാകുമെന്നാണ് താൻ കരുതിയിരുന്നതെങ്കിലും റൊണാൾഡോക്ക് നിരവധി കാര്യങ്ങൾ ഇനിയും ഈ ക്ലബിനായി ഓഫർ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിനെ അപേക്ഷിച്ച് നിലവാരം കുറവാണെങ്കിലും സൗദി സൂപ്പർ ലീഗിൽ കടുത്ത മത്സരമാണ് കിരീടത്തിനായി നടക്കുന്നത്. നിലവിൽ റൊണാൾഡോയുടെ ടീമായ അൽ നസ്ർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ താരത്തിന്റെ ആത്മവിശ്വാസവും ഗോളുകൾ നേടാനുള്ള കഴിവും കിരീടത്തിലേക്ക് തങ്ങളെ നയിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlights: Al Nassr Legend Makes Cristiano Ronaldo U-turn